
കരൂർ ദുരന്തത്തിന് പിന്നിലും തന്റെ അവസാന സിനിമയായ ജനനായകന്റെ റിലീസ് വൈകുന്നതിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി ടിവികെ നേതാവ് വിജയ് രംഗത്തെത്തി. തനിക്കും നീതി വേണമെന്ന ആവശ്യവുമായാണ് വിജയ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 27നായിരുന്നു കരൂർ ദുരന്തമുണ്ടായത്. ദുരന്തത്തിൽ 41പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിജയ്‌യുടെ അവസാന ചിത്രമായ ജനനായകൻ ഇക്കഴിഞ്ഞ ജനുവരി 9ന് റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാത്തതിനാല്‍ റിലീസ് നടന്നില്ല. ഇവയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വിജയ്‌യുടെ ആരോപണം.
അതേസമയം ഏപ്രിൽ 23ന് ആദ്യമായി വിജയ് രൂപീകരിച്ച ടിവികെ തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇതുവരെ രണ്ടു തവണയാണ് കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ വിജയ്‌യെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. എന്നാൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിജയുടെ സിനിമയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ ഡിഎംകെ നേതാവിന് വിജയ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ആദ്യ തിരഞ്ഞെടുപ്പിൽ വിജയ് ജനവിധി തേടുന്നത്. ചെന്നൈയിലെ പെരമ്പൂരിലും തിരുച്ചി ഈസ്റ്റിലും. തിരുച്ചിയിൽ ഡിഎംകെ എംഎൽഎ ഇനിഗോ ഇരുദയരാജും എഐഎഡിഎംകെയുടെ കെ രാജശേഖരനുമാണ് വിജയ്‌യുടെ എതിരാളികൾ.


