Spread the love

കോട്ടയം:തെരഞ്ഞെടുപ്പ് ചൂട് അൽപം കൂടുതൽ പാലായിലാണ്. മൂന്നു മുന്നണികളും ജീവൻമരണ പോരാട്ടത്തിലാണ്. സ്ഥാനാർത്ഥികൾ പരക്കം പാഞ്ഞ് നടന്നാണ് വോട്ട് തേടുന്നത്.
പാലാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ കണ്‍ഫ്യൂഷനാകുന്ന പോരാട്ടമാണെന്നു വ്യക്‌തം.
മന്ത്രിയായും എം.എല്‍.എയായും അരനൂറ്റാണ്ടുകാലം കെ.എം. മാണിയെന്ന പേരല്ലാതെ പാലാക്കാര്‍ മാറിച്ചിന്തിച്ചിരുന്നതേയില്ല. പക്ഷേ, മാണിയുടെ കാലശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയെ പാലാ തുണച്ചതുമില്ല. സിറ്റിങ്‌ എം.എല്‍.എ: മാണി സി. കാപ്പന്‍ വീണ്ടും യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയാകുമ്പോള്‍, പ്രതാപം വീണ്ടെടുക്കാനുള്ള അഭിമാനപ്പോരാട്ടത്തിലാണ്‌ എല്‍.ഡി.എഫിനായി തേരുതെളിക്കുന്ന കേരളാ കോണ്‍ഗ്രസി (എം)ന്റെ ജോസ്‌ കെ.മാണി. ബി.ജെ.പി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റായ ഷോണ്‍ ജോര്‍ജ്‌ ഗംഭീര പോരാട്ടവുമായി എത്തിയതോടെ മണ്ഡലം ആര്‍ക്കൊപ്പമെന്ന ചോദ്യത്തിനു പെട്ടെന്ന്‌ ഉത്തരം പറയാന്‍ കഴിയാത്തവിധം പാലായെ പ്രവചനാതീത പോരാട്ടത്തിലേക്കു തള്ളിവിട്ടു. മുന്നണി സ്‌ഥാനാര്‍ഥികള്‍ മൂവരും മുന്‍ എം.എല്‍.എമാരുടെ മക്കളാണെന്ന പ്രത്യേകയും ഇത്തവണത്തെ പോരാട്ടത്തിനുണ്ട്‌.

video
play-sharp-fill

മൂന്നു മുന്നണികള്‍ക്കും പാലാ ഇത്തവണ അഭിമാന മണ്ഡലമാണ്‌. യു.ഡി.എഫിന്റെ കോട്ടയെന്ന ലേബല്‍ ഇളകാതെ സൂക്ഷിക്കേണ്ടത്‌ മാണി സി.കാപ്പന്റെയും രണ്ടു തവണയുണ്ടായ നാണക്കേട്‌ മാറ്റേണ്ടത്‌ ജോസ്‌ കെ.മാണിയുടെയും ബാധ്യതയായിരിക്കുകയാണ്‌. വെറുതേ പറയുന്നതിനേക്കാള്‍ പാലാ ഒപ്പം കൂട്ടിയേ മതിയാകൂ എന്ന വാശിയിലാണു ഷോണ്‍ ജോര്‍ജ്‌.

കെ.എം.മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) സ്‌ഥാനാര്‍ഥി ജോസ്‌ ടോമിനെ പരാജയപ്പെടുത്തിയാണ്‌ മാണി സി. കാപ്പന്‍ വിജയിച്ചത്‌. കേരളാ കോണ്‍ഗ്രസ്‌ (എം) മുന്നണി വിട്ടപ്പോള്‍ യു.ഡി.എഫിലെത്തിയ മാണി സി.കാപ്പന്‍ 2021-ല്‍ ജോസ്‌ കെ.മാണിയെ 15,378 വോട്ടിനു നിലംപരിശാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021-ലെ തെരഞ്ഞെടുപ്പിനുശേഷവും മാണി സി.കാപ്പനൊപ്പം മണ്ഡലത്തില്‍ സജീവമായിരുന്നു ജോസ്‌ കെ.മാണി. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ പാലായ്‌ക്കു കിട്ടിയതിന്റെയും കിട്ടാതെ പോയതിന്റെയും പേരില്‍ കാപ്പനും ജോസും തമ്മിലുള്ള ഒളിയുദ്ധം തുടര്‍ന്നുകൊണ്ടേയിരുന്നു. കെ.എം. മാണിക്കുശേഷം പാലായ്‌ക്കു വളര്‍ച്ചയില്ലെന്നു ജോസും മുന്നണിയും ആരോപിക്കുമ്പോള്‍ എല്ലാ പദ്ധതികള്‍ക്കും എല്‍.ഡി.എഫ്‌. തുരങ്കംവയ്‌ക്കുകയായിരുന്നുവെന്നാണ്‌ കാപ്പന്റെ മറുപടി.

വികസനത്തിന്റെ പേരില്‍ രണ്ടു മുന്നണികളും ജനത്തെ കബളിപ്പിക്കുകയാണെന്ന ആക്ഷേപവുമായാണ്‌ ഷോണ്‍ ജോര്‍ജ്‌ മണ്ഡലത്തില്‍ നിറഞ്ഞത്‌.
കാപ്പനും മുന്നണിയും നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. പാലാ നഗരത്തേക്കാള്‍ ഗ്രാമങ്ങളില്‍ ശ്രദ്ധയൂന്നിയാണ്‌് കാപ്പന്റെ പോരാട്ടം. പാലാ നഗരസഭയില്‍ ഉള്‍പ്പെടെ ഭരണം പിടിക്കാന്‍ കഴിഞ്ഞതും സര്‍ക്കാര്‍വിരുദ്ധ വികാരവും കൂടിയാകുമ്പോള്‍ വലിയ വിജയമാണു യു.ഡി.എഫ്‌. പ്രതീക്ഷ. ഓരോ തവണയും ഭൂരിപക്ഷം വര്‍ധിക്കുകയെന്ന പതിവ്‌ തുടരണമെന്ന ആഗ്രഹത്തിലാണു കാപ്പന്‍.

ആദ്യം മനസു തുറന്നിരുന്നില്ലെങ്കിലും പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ തന്നെ മത്സരിക്കുമെന്ന റോഷി അഗസ്‌റ്റിന്റെ പ്രസ്‌താവനയോടെ പാലായും ജോസ്‌ കെ.മാണിയും വീണ്ടും ചര്‍ച്ചകളിലേക്കു നിറയുകയായിരുന്നു. സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തോടെ മണ്ഡലത്തില്‍ നിറഞ്ഞ ജോസിനായി സി.പി.എം. കൈ-മെയ്‌ മറന്നുള്ള പോരാട്ടത്തിലാണ്‌. മുഴുവന്‍ സമയവും മണ്ഡലത്തില്‍ തന്നെ കേന്ദ്രീകരിച്ചു നില്‍ക്കുന്ന ജോസിന്റെ വിജയം കേരളാ കോണ്‍ഗ്രസി(എം)ന്റെ നിലനില്‍പ്പിന്റെയും പ്രശ്‌നമാണ്‌.

ഇരുമുന്നണികളെയും വിറപ്പിച്ചാണ്‌ ഷോണ്‍ ജോര്‍ജിന്റെ പ്രചാരണം. 2016-ല്‍ എന്‍. ഹരി മത്സരിച്ചപ്പോള്‍ നേടിയ കാല്‍ലക്ഷത്തോളം വോട്ട്‌ സ്‌ഥിര നിക്ഷേപമായി ഇപ്പോഴും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ്‌ എന്‍.ഡി.എ. ഇതിനൊപ്പം ഷോണിന്റ വ്യക്‌തി ബന്ധം, ബി.ജെ.പിയും ക്രൈസ്‌തവ സഭയും തമ്മിലുള്ള ബന്ധത്തിലെ ഊഷ്‌മളത എന്നിവയെല്ലാം വോട്ട്‌ വര്‍ധിക്കാനുള്ള ഘടകങ്ങളായി ബി.ജെ.പി. വിലയിരുത്തുന്നു.