
ഹൈദരാബാദ്: നഗരത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ വൻ തോതില്‍ മായം കലർത്തിയ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടിച്ചെടുത്തു. റെസ്റ്റോറന്റുകളിലേക്കും റീട്ടെയില്‍ ഒട്ട്ലെറ്റുകളിലേക്കും വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന ഉല്‍പ്പന്നമാണ് പിടികൂടിയത്.
കട്ടേദാനിലെ എസ്‌കെആർ ഫുഡ് പ്രോഡക്‌ട്‌സ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും 4,032 കിലോയിലധികം മായം കലർന്ന ഉല്‍പ്പന്നവും 6,210 കിലോ ഗ്രാം നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്‌തുക്കളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും അസറ്റിക് ആസിഡ്, സാന്തൻ ഗം തുടങ്ങിയ അസംസ്‌കൃത വസ്‌തുക്കളും അഡിറ്റീവുകളും കലർത്തിയാണ് ഇവിടെ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നിർമ്മിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നിർമ്മിച്ചതിന് യൂണിറ്റിന്റെ ഉടമയായ ഹസൻ അലി രൂപാണിയെ (55) അറസ്റ്റ് ചെയ്‌തു. ഹൈദരാബാദ് സിറ്റി പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളിലും വീഡിയോകളിലും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തറയില്‍ സൂക്ഷിച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും കാണാൻ കഴിയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈദരാബാദില്‍ ഇത്തരം സംഭവങ്ങള്‍ മുൻപും ഉണ്ടായിട്ടുണ്ട്. നേരത്തെ മല്ലേപ്പള്ളിയില്‍ നടത്തിയ റെയ്‌ഡില്‍ ഏകദേശം 1,090 കിലോഗ്രാം മായംചേർത്ത ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് പിടിച്ചെടുത്തിരുന്നു.



