
ഇടുക്കി: മൂന്നാർ കല്ലാറിൽ വിറക് ശേഖരിക്കാൻ പോയ തോട്ടം തൊഴിലാളിയെ വനമേഖലയോട് ചേർന്ന ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ എസ്റ്റേറ്റ് സ്വദേശി നടരാജനാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയ്ക്ക് ശേഷം വിറക് ശേഖരിക്കാൻ പോയ നടരാജൻ വൈകിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു.
തിരച്ചിലിനിടയിൽ എസ്റ്റേറ്റിന് സമീപത്തെ കാടിനോട് ചേർന്ന പ്രദേശത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ കണ്ട പരുക്കുകൾ കാട്ടാന ആക്രമണത്തിന്റേതാണെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവസ്ഥലത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചു കഴിഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കും വിശദമായ പരിശോധനകൾക്കും ശേഷം മാത്രമേ കാട്ടാന ആക്രമണമാണോ മരണകാരണമെന്ന് ഉറപ്പിക്കാൻ കഴിയൂ.
കല്ലാർ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.



