
പയ്യന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം കോട്ടയായ പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർത്ഥിയായ മത്സരിക്കും. കോണ്‍ഗ്രസ് പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്നും മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ സിപിഎം സ്ഥാനാർത്ഥി ടി ഐ മധുസൂദനനെ അംഗീകരിക്കാനാവില്ലെന്ന നിലപാടും കുഞ്ഞികൃഷ്ണൻ മുന്നോട്ടുവച്ചു. വാർത്താസമ്മേളനത്തിലായിരുന്നു കുഞ്ഞികൃഷ്ണന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.
‘എല്ലാവരുടെയും പിന്തുണ അഭ്യാർത്ഥിക്കുകയാണ്. ഒരു മുന്നണിയുടെയും ഭാഗമായി മത്സരിക്കില്ല. പയ്യന്നൂരിലെ പാർട്ടിയെ മാഫിയ സംഘത്തിന് എറിഞ്ഞുകൊടുക്കരുത്. പാർട്ടിക്കുള്ളില്‍ ഞാൻ നേരത്തെ ഉയർത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തുടർച്ചയായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മധുസൂദനനെ സ്ഥാനാർത്ഥി ആക്കില്ലെന്നാണ് കരുതിയത്. ഇത്ര ആരോപണം ഉണ്ടായിട്ടും മാറ്റിയില്ല. എന്റെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ മത്സരിച്ചേ മതിയാവൂ. അഴിമതിക്കെതിരെയുള്ള പോരാട്ടമാണിത്. ഇടതുപക്ഷത്തിന് എതിരല്ല.
എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ ഇടതുപക്ഷക്കാരനായി കാണുന്നില്ല. ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ സമീപനമാണ് മധുസൂദനന്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തുന്ന ഒരാളെ എങ്ങനെ ഇടതുപക്ഷമായി കാണുക. അഴിമതിക്കെതിരെയുള്ള പോരാട്ടം പാർട്ടിക്കകത്ത് നിന്ന് ഇനി പുറത്തേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.
പാർട്ടിയും ഇടതുപക്ഷവും പരാജയപ്പെടരുതെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് താൻ ഈ പോരാട്ടത്തിന് മുതിർന്നത്. പാർട്ടി അനുഭാവികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദ്ദമാണ് സ്വതന്ത്രായി നില്ക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഇതുവരെ കോണ്‍ഗ്രസുമായി ഔദ്യോഗിക ചർച്ചകള്‍ നടത്തിയിട്ടില്ല.
എന്നാല്‍ അഴിമതിക്കെതിരെയുള്ള എന്റെ ഈ പോരാട്ടത്തിന് ജനങ്ങളില്‍ നിന്നും മറ്റ് രാഷ്ട്രീയ പാർട്ടികളില്‍ നിന്നും വലിയ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.



