
ആലപ്പുഴ: ചായക്കടയ്ക്ക് മുന്നിലുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം. കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. മാർച്ച് ആറിന് പുലർച്ചെ കായംകുളം ഒ എൻ കെ ജംഗ്ഷന് തെക്കുവശമുള്ള ചായക്കടയുടെ മുൻവശത്ത് വെച്ചാണ് കേസിനാസ്പദമായ തർക്കമുണ്ടായത്.
കേസിലെ രണ്ടാം പ്രതിയായ ആദില്‍ അഫ്സർ (20), മൂന്നാം പ്രതിയായ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ (21), അഞ്ചാം പ്രതിയായ അജ്മല്‍ (20) എന്നിവരെയാണ് കായംകുളം പൊലീസ് പിടികൂടിയത്.
കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ കൂട്ടമായി യുവാക്കള്‍ താമസിക്കുന്ന ലോഡ്ജിലെത്തി ഇവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. കല്ലേലിഭാഗം സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളെയുമാണ് ഇരുമ്ബുവടി, കത്തി, ഇടിക്കട്ട, ഇടിവള, ഹെല്‍മെറ്റ് എന്നിവ ഉപയോഗിച്ച് തലയ്ക്ക് മാരകമായി പരിക്കേല്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിയിലായ ആദില്‍ അഫ്സറിന് വള്ളികുന്നം, കരുനാഗപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ മറ്റ് അടിപിടി കേസുകളുമുണ്ട്. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ മേല്‍നോട്ടത്തില്‍ സിഐ അരുണ്‍ ഷാ, എസ്‌ഐ രതീഷ് ബാബു, എഎസ്‌ഐ ഹരി, സിപിഒമാരായ അഖില്‍ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.



