
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സർക്കാർ അപ്പീലിൽ നടൻ ദിലീപിന് നോട്ടിസ്.
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധി വന്നു 77-ാം ദിവസമാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയത്. സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് ശിക്ഷിക്കപ്പെട്ട പ്രതികൾക്കും, വെറുതെവിട്ടവർക്കും കോടതി നോട്ടിസയച്ചത്.
പൾസർ സുനി അടക്കമുള്ളവരുടെ ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീൽ സമർപ്പിക്കാൻ വൈകിയത് ഹൈക്കോടതി സ്വമേധയാ തീർപ്പാക്കി. പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീൽ സമർപ്പിക്കാൻ 90 ദിവസം സമയമുണ്ട്. എന്നാൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ ശിക്ഷാ കാലാവധി വർധിപ്പിക്കണമെന്ന ആവശ്യം 60 ദിവസത്തിനുള്ളിൽ ഉന്നയിക്കണം. വൈകിയാൽ എതിർ കക്ഷികളെ കേട്ടതിനു ശേഷമേ സാധാരണ കോടതി തീരുമാനമെടുക്കാറുള്ളൂ. എന്നാൽ 17 ദിവസത്തെ കാലതാമസം ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് സ്വമേധയാ തീർപ്പാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി കേസിൽ ശിക്ഷിക്കപ്പെട്ടവർക്കും, വെറുതെ വിട്ടവർക്കും നോട്ടിസ് അയച്ചു. ജയിലിൽ കഴിയുന്ന പൾസർ സുനി അടക്കമുള്ള ആറു പേർക്ക് ജയിൽ സൂപ്രണ്ട് വഴിയും, ദിലീപടക്കമുള്ളവർക്ക് നേരിട്ടുമാണ് നോട്ടിസ്. ദിലീപടക്കം നാലു പ്രതികളെ വെറുതെവിട്ടത് റദ്ദാക്കണമെന്നും, കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.
വസ്തുതകളും, നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടുവെന്ന് അപ്പീലിൽ പറയുന്നു. കുറ്റക്കാർക്ക് കുറഞ്ഞ ശിക്ഷ നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ പൾസർ സുനി അടക്കമുള്ളവർക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് അപ്പീലിലെ ആവശ്യം.



