
ബെംഗളൂരു: കര്‍ണാടകയിലെ ദേവനഗരിയില്‍ വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ സുഷ്മിതയും കൂട്ടാളികളായ മൂന്ന് പുരുഷന്മാരുമാണ് പിടിയിലായത്. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു സംഘത്തിന്റെ ശ്രമമെന്ന് പൊലീസ് വ്യക്തമാക്കി.
വ്യവസായിയുടെ പരാതിയില്‍ 27കാരിയായ സുഷ്മിതയെയും കൂട്ടാളികളായ കൃഷ്ണ, രാഹുല്‍, ചന്നബസപ്പ എന്നിവരെയും വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സുഷ്മിതയുമായി ചേര്‍ന്ന് പകര്‍ത്തിയ സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും മാധ്യമങ്ങള്‍ക്ക് കൈമാറുമെന്നും പറഞ്ഞ് ആദ്യം 25 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. പിന്നീട് തുക 12 ലക്ഷമായി കുറച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ വ്യവസായി നല്‍കിയെങ്കിലും തുടര്‍ന്നും ഭീഷണി തുടരുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചതോടെ പണം നല്‍കാമെന്ന വ്യാജേന പൊലീസ് ഒരുക്കിയ കുടുക്കില്‍ പ്രതികള്‍ കുടുങ്ങി. ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷണം തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


