
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തം തകർത്ത മുണ്ടക്കൈയുടെയും ചൂരല്‍മലയുടെയും പുനർനിർമ്മാണത്തിനായി കോണ്‍ഗ്രസ് പ്രസ്ഥാനം വിഭാവനം ചെയ്ത മാതൃകാ ഗ്രാമത്തിന്റെ നിർമ്മാണത്തിന് നാളെ തുടക്കമാകും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ശിലാസ്ഥാപനം നിർവ്വഹിക്കും. ദുരന്തഭൂമി സന്ദർശിച്ച വേളയില്‍ രാഹുല്‍ ഗാന്ധി നല്‍കിയ ഉറപ്പിന്റെ സാക്ഷാത്കാരമാണിതെന്ന് ടി. സിദ്ദിഖ് എംഎല്‍എ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
വെറുമൊരു പാർപ്പിട സമുച്ചയമല്ല, മറിച്ച് ഭൂവൈജ്ഞാനിക പഠനങ്ങള്‍ക്ക് ശേഷം മണ്ണൊലിപ്പ് സാധ്യതയില്ലാത്ത സുസ്ഥിരമായ മണ്ണിലാണ് ഈ ഗ്രാമം പണിയുന്നത്. 8 സെന്റ് ഭൂമിയില്‍ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് നിർമ്മിക്കുന്നത്. മൂന്ന് കിടപ്പുമുറികള്‍, വിശാലമായ ഹാള്‍ എന്നിവയുണ്ടാകും. ഭാവിയില്‍ ഒരു നില കൂടി പണിയാൻ സാധിക്കുന്ന രീതിയിലാണ് സ്ട്രക്ചർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

താമസക്കാർക്ക് ഹോം സ്റ്റേ വഴി അധിക വരുമാനം ഉറപ്പാക്കാൻ വീടിന് പുറത്തുനിന്നും പ്രവേശിക്കാവുന്ന കോണിപ്പടികള്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. 6 മീറ്റർ വീതിയുള്ള റോഡുകള്‍, കമ്മ്യൂണിറ്റി പാർക്ക്, കമ്മ്യൂണിറ്റി സ്പേസ് എന്നിവ ഗ്രാമത്തിലുണ്ടാകും. കൃഷിക്കും പശുവളർത്തലിനുമായി പ്രത്യേക ഇടങ്ങളും മാറ്റിവെക്കും.







