
ആലപ്പുഴ: പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞവരെ കൈയോടെ പിടികൂടി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ പിഴ ഈടാക്കിയത് 42.1ലക്ഷം രൂപ. സംസ്ഥാനത്ത് ഇത് 8.89 കോടിയാണ്. 2023 മാർച്ച് ഒന്നുമുതൽ 2026 ജനുവരി വരെയുള്ള കണക്കാണിത്.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വികളിലൂടെ അടക്കം കണ്ടെത്തിയവരിൽ നിന്നാണ് പിഴ ഈടാക്കിയത്. ആളൊഴിഞ്ഞ ഇടങ്ങളിലും വഴിയരികിലും മാലിന്യം തള്ളുന്നത് സ്ഥിരമായതോടെയാണ് തദ്ദേശ സ്ഥാപനങ്ങൾ ക്യാമറകൾ സ്ഥാപിച്ചത്.
പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് 5000 രൂപ മുതലും ജലാശയങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് 10,000 രൂപ മുതലുമാണ് പിഴ ഈടാക്കുന്നത്. മാലിന്യം ഏതെന്നും അളവ് എത്രയെന്നതും അനുസരിച്ചാണ് പിഴ ഈടാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാലിന്യം വലിച്ചെറിഞ്ഞ കേസിൽ പിഴ ഈടാക്കിയ കണക്കിൽ കേരളത്തിൽ ആറാം സ്ഥാനത്താണ് ആലപ്പുഴ ജില്ല.1074 കേസുകളിലായിട്ടാണ് 42.1 ലക്ഷം രൂപ ഈടാക്കിയത്. ഏറ്റവും കൂടുതൽ തൃശൂരും എറണാകുളവുമാണ്.
തൃശൂരിൽ 3238 കേസുകളിലും എറണാകുളത്ത് 30250 കേസുകളിലുമായി 1.42 കോടി രൂപയാണ് പിഴയായി പിരിച്ചെടുത്തത്. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്, 3333 കേസുകളിലായി 1.18 കോടി രൂപ. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് 313 കേസുകളിലായി 17.17 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയിട്ടുള്ളത്.



