ഹൃദയാരോഗ്യത്തിനും അമിതവണ്ണത്തിനും ഉത്തമ പരിഹാരം; ചുരയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം…!

Spread the love

കോട്ടയം: നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പച്ചക്കറികളില്‍ ഔഷധഗുണങ്ങള്‍ കൊണ്ട് ഏറെ മുൻപന്തിയിലാണ് ചുരയ്ക്ക.

video
play-sharp-fill

90 ശതമാനത്തിലധികം ജലാംശം അടങ്ങിയിട്ടുള്ള ഈ പച്ചക്കറി, വേനല്‍ക്കാലത്ത് ശരീരത്തിന് ആവശ്യമായ തണുപ്പും ഊർജ്ജവും നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

വിറ്റാമിൻ സി, കെ, ബി എന്നിവയ്ക്കും വിവിധ ധാതുക്കള്‍ക്കും പുറമെ നാരുകളാല്‍ സമ്പന്നമായ ചുരയ്ക്ക ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമായി മാറിക്കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരഭാരം കുറയ്ക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും ചുരയ്ക്ക മികച്ചൊരു പരിഹാരമാണ്. ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന നാരുകള്‍ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ, കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചുരയ്ക്കയുടെ ഉപയോഗം ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനൊപ്പം ശരീരത്തിലെ വിഷാംശങ്ങളെ (Toxins) പുറന്തള്ളാനും ഇത് വളരെയധികം സഹായിക്കുന്നു.

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും ചുരയ്ക്ക ഒട്ടും പിന്നിലല്ല. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചർമ്മത്തിലെ അനാവശ്യമായ എണ്ണമയം നീക്കം ചെയ്യാനും മുഖക്കുരു തടയാനും സഹായിക്കുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ചുരയ്ക്കയിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ക്ക് സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദിവസവും രാവിലെ ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് നവോന്മേഷം പകരാൻ സഹായിക്കും.

എന്നാല്‍ ഗുണങ്ങള്‍ക്കൊപ്പം തന്നെ ചുരയ്ക്ക ഉപയോഗിക്കുമ്പോള്‍ ചില മുൻകരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ചുരയ്ക്കയ്ക്ക് അമിതമായ കയ്പ്പുണ്ടെങ്കില്‍ അത് ഒരു കാരണവശാലും ഉപയോഗിക്കരുത്. കുക്കുർബിറ്റാസിൻ (Cucurbitacin) എന്ന വിഷാംശം അടങ്ങിയിട്ടുള്ളതിനാലാണ് കയ്പ്പ് അനുഭവപ്പെടുന്നത്. ഇത്തരത്തിലുള്ള ജ്യൂസ് കുടിക്കുന്നത് വയറുവേദന, ഛർദ്ദി, ശ്വാസംമുട്ടല്‍ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

അതുപോലെതന്നെ പ്രമേഹരോഗികള്‍ ചുരയ്ക്ക ജ്യൂസ് കുടിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലർത്തണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയ്ക്കാൻ സാധ്യതയുണ്ട്. ചുരയ്ക്ക പച്ചയ്ക്ക് കഴിക്കുന്നതിനേക്കാള്‍ പാകം ചെയ്ത് കഴിക്കുന്നതാണ് എപ്പോഴും സുരക്ഷിതം. ജ്യൂസ് അടിക്കുന്നതിന് മുൻപ് ഒരു കഷ്ണം നുളളി രുചിച്ചു നോക്കി അതിന് കയ്പ്പില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.