
ഹീറോയാകാൻ നടത്തിയ നീക്കം പൊലീസ് കണ്ടെത്തിയതിന് പിന്നാലെ വിമുക്ത ഭടൻ അറസ്റ്റില്‍. ഗുജറാത്തിലെ അംഗധിനടുത്തുള്ള ചരക്ക് ഗതാഗത ഇടനാഴിയില്‍ റെയില്‍വേ ട്രാക്കുകളില്‍ നിന്ന് പടക്കം പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്. വിമുക്ത ഭടനും ജമ്മു കശ്മീർ സ്വദേശിയുമായ മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖ് (47) ആണ് വഡോദരയില്‍ പിടിയിലായത്. നിലവില്‍ റെയില്‍വെ ലൈൻമാനായി ജോലി ചെയ്യുന്ന ഇദ്ദേഹം ട്രാക്കില്‍ പടക്കം വെച്ച ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒരു ‘ഹീറോ’ ആയി അറിയപ്പെടാനുള്ള അദമ്യമായ ആഗ്രഹമാണ് തന്നെ ഇതിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
ജമ്മു കശ്മീർ സ്വദേശിയായ മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖ് 2024 മുതല്‍ റെയില്‍വേ പോലീസിലാണ് ജോലി ചെയ്യുന്നത്. റെയില്‍വേ ട്രാക്കുകളില്‍ പട്രോളിംഗ് നടത്തുന്നതിനായി കരാർ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ നിയമിച്ചത്. ഷെർഖി ഗ്രാമത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ നടന്ന ഒരു വിവാഹത്തിന് പൊട്ടിക്കാനെത്തിച്ച പടക്കമാണ് പ്രതി, ഇവിടെ നിന്നും സംഘടിപ്പിച്ച് റെയില്‍വെ ട്രാക്കില്‍ വെച്ചത്.
കരാർ പ്രകാരം മുഷ്താഖ് അഹമ്മദ് മുഹമ്മദ് ഷെയ്ഖിൻ്റെ ജോലി ഈ വർഷം അവസാനിക്കും. റെയില്‍വേയില്‍ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് പലപ്പോഴും പ്രതിഫലം നല്‍കുകയോ, തൊഴില്‍ കാലാവധി നീട്ടുകയോ ചെയ്യാറുണ്ടെന്ന് താൻ അറിഞ്ഞതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. തന്റെ കരാറിന്റെ കാലാവധി നീട്ടുന്നതിനാണ്, ഹീറോ പരിവേഷം നേടാനായി ഈ പ്രവൃത്തി ആസൂത്രണം ചെയ്തതെന്നും ഇയാള്‍ സമ്മതിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ. ജഗദീഷ് ചാവ്ദ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


