
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 10 ശതമാനം കുടിശ്ശികയാണ് അനുവദിച്ചത്.
13 ശതമാനം ഡിഎ കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഈ നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാല്‍ ആണ് ഗവർണറുടെ പേരില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെയാണ് ഇപ്പോള്‍ പത്ത് ശതമാനം ഡിഎ കുടിശ്ശിക കൂടി അനുവദിച്ചിരിക്കുന്നത്. ഇതോടെ ആകെ ഡിഎ വർദ്ധനവ് 25ല്‍ നിന്ന് 35 ആയി ഉയർന്നു. അനുവദിച്ച ക്ഷാമബത്ത ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം കിട്ടും. എന്നാല്‍ ഇത് മുൻകാല പ്രാബല്യത്തോടെയല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷാമബത്തയോടൊപ്പം പെൻഷൻകാർക്ക് ക്ഷാമആശ്വാസം (Dearness Relief) ഇതേ നിരക്കില്‍ ഏപ്രില്‍ മാസത്തെ പെൻഷനൊപ്പം ലഭ്യമാകും. പുതുക്കിയ ശമ്പള സ്കെയിലിലുള്ളവർക്ക് മാത്രമല്ല, പഴയ ശമ്പള പരിഷ്കരണ ഉത്തരവുകള്‍ അനുസരിച്ച് ശമ്പളം വാങ്ങുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും ആനുപാതികമായ വർദ്ധനവ് ഉണ്ടാകുമെന്ന് ഉത്തരവില്‍ ഉറപ്പാക്കിയിട്ടുണ്ട്.
കൂടാതെ, സംസ്ഥാന സർക്കാർ ക്ഷാമബത്ത രീതി പിന്തുടരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഈ വർദ്ധനവ് ബാധകമാണ്. സാമ്പത്തിക ശേഷി കണക്കിലെടുത്ത് അതത് ബോർഡുകള്‍ക്ക് ഇതില്‍ തീരുമാനമെടുക്കാവുന്നതാണ്. അതേസമയം, കെഎസ്‌ഇബി, കെഎസ്‌ആർടിസി തുടങ്ങിയ സ്വന്തമായി ഡിഎ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഉത്തരവ് നേരിട്ട് ബാധകമല്ല. അവർക്ക് പ്രത്യേക ഉത്തരവുകള്‍ പിന്നീട് പുറത്തിറക്കുമെന്നാണ് വിവരം.
ജീവനക്കാരുടെ അക്കൗണ്ടില്‍ എത്ര കിട്ടും?
പത്ത് ശതമാനം ഡിഎ ഉയർത്തുമ്പോള്‍ സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത ആകെ 35% ആകും. 11-ാം ശമ്പള കമ്മീഷൻ പ്രകാരം സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാണ്. നിലവില്‍ അടിസ്ഥാന ശമ്പളത്തിന് 22 ശതമാനമായ 5,060 രൂപയാണ് സർക്കാർ ജീവനക്കാർക്ക് ഡിഎ ആയി ലഭിക്കുന്നത്. വർദ്ധിപ്പിച്ച 13 ശതമാനം കൂടി കണക്കിലെടുത്ത്, ക്ഷാമബത്ത 35 ശതമാനമായി വർധിക്കുമ്പോള്‍ ജീവനക്കാർക്ക് മാർച്ചില്‍ ലഭിക്കേണ്ട ഡിഎ 8,050 രൂപയാണ്.
അതുപോലെ, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന അടിസ്ഥാന ശമ്പളം 1,66,800 രൂപയാണ്. നിലവില്‍ 22 % ഡിഎ പ്രകാരം ഇവർക്ക് ലഭിക്കുന്ന ക്ഷാമബത്ത 36,696 രൂപയാണ്. എന്നാല്‍ ഡിഎ 35 ശതമാനമായാല്‍ സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങിക്കുന്ന ജീവനക്കാർക്കുള്ള ക്ഷാമബത്ത 58,380 രൂപയായി ഉയരും



