ആശാ സമരത്തെ അനുകൂലിച്ചതിന്റെ പേരിൽ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് നടൻ പ്രേംകുമാറിനെ മാറ്റി: തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കെ. സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് എന്ത് ? ഇത് സർക്കാരിന്റെ ഇരട്ടത്താപ്പ് ആണന്ന് പ്രേംകുമാർ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Spread the love

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിനെതിരെ തുറന്നടിച്ചു നടന്‍ പ്രേംകുമാര്‍. തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കെ.
സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ടനീതിയാണെന്ന് ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷനായിരുന്ന പ്രേംകുമാര്‍ വ്യക്തമാക്കി. ആശാ സമരത്തെ അനുകൂലിച്ചതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് പ്രേംകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
തനിക്ക് ഇല്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദന് ഉണ്ടെന്ന് പ്രേംകുമാര്‍ പരിഹസിച്ചു. ചലച്ചിത്ര മേളയുടെയും സിനിമാ അവാര്‍ഡ് നിര്‍ണ്ണയത്തിന്റെയും ഒരുക്കങ്ങള്‍ക്കിടെ ഒരു അറിയിപ്പും ഇല്ലാതെയാണ് തന്നെ മാറ്റിയതെന്നും പ്രേംകുമാര്‍ പറഞ്ഞു. രണ്ടു തവണ ഭരിച്ചു കഴിഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്നാണ് എഴുത്തുകാരനും കേരളാ സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍ പ്രതികരിച്ചത്. സച്ചിദാനന്ദന്റെ പ്രസ്താവന ഏറ്റെടുത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ പിണറായി സര്‍ക്കാറിന്റെ ഭരണത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.
മുന്നണികള്‍ മാറി മാറി ഭരിക്കന്നതാണ് നല്ലത്. കോണ്‍ഗ്രസ് ഭരിക്കുന്നതാണെങ്കിലും ഇതുതന്നെയാണ് പറയുക. തുടര്‍ച്ചയായി ഭരണത്തില്‍ ഇരിക്കുന്നത് അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്തിരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായ ഭരണത്തിലൂടെ അധികാരമോഹികള്‍ പാര്‍ട്ടിയില്‍ വന്നുചേരും അത് പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ബംഗാളിലെ അനുഭവം നമ്മള്‍ ഓര്‍ക്കണം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. വീണ്ടും ഭരണം കിട്ടിയാല്‍ അങ്ങനെ പോകാന്‍ സാധ്യതയുണ്ട്. അധികാരമോഹികള്‍ പാര്‍ട്ടിയില്‍ വന്നുചേരും അത് പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു.
സച്ചിദാനന്ദന്റെ പ്രസ്താവനയോട് പ്രതികരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, തുടര്‍ച്ചയായി സര്‍ക്കാര്‍ വന്നാല്‍ ജാഗ്രതക്കുറവ് ഉണ്ടാകുമെന്നാണ് സച്ചിദാന്ദന്‍ പറഞ്ഞതെന്നും അത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ മുന്നോട്ട് പോകണം എന്നതാണ് സച്ചിദാന്ദന്‍ സൂചിപ്പിച്ചത്. ഭരണതുടര്‍ച്ചയില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അധികാരത്തുടര്‍ച്ച ദുരധികാരമാകുമെന്ന സച്ചിദാനന്ദന്റെ അഭിപ്രായം കേരളത്തിലെ ജനങ്ങള്‍ക്കോ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കോ ഇല്ലെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ പ്രതികരിച്ചത്. സച്ചിദാനന്ദന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ അല്ല, ഇടതുപക്ഷ ആശയമുള്ള ആള്‍ മാത്രമാണ്. എല്‍.ഡി.ഫ് അധികാരം തുടര്‍ന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകുമെന്നും കെ.കെ ശൈലജ പറഞ്ഞു.
നേതാക്കളുടെ പ്രസ്താവനക്ക് പിന്നാലെ തുടര്‍ഭരണ വിവാദത്തില്‍ വിമര്‍ശനം കടുപ്പിച്ച്‌ വീണ്ടും സച്ചിദാനന്ദന്‍ രംഗത്തെത്തി. അദൃശ്യരേയും ശബ്ദമില്ലാത്തവരെയും കേള്‍ക്കുന്നതാണ് യഥാര്‍ഥ ജനാധിപത്യമെന്നും മാര്‍ക്‌സിസത്തിന് മുന്നോട്ടു പോകാനുള്ള ഏകവഴി ഇതാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
താന്‍ പറഞ്ഞത് മാര്‍ക്‌സിറ്റ് ചിന്തകരെഴുതിയ കാര്യങ്ങളാണ്. അതിന്റെ ആഴം മനസ്സിലാക്കാത്തവരാണ് തന്നെ വിമര്‍ശിക്കുന്നത്. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താന്‍ ശ്രമിക്കണം. അല്ലാതെ ഉപരിമധ്യവര്‍ഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുകയാവരുത്. അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് മുതല്‍ കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്നുള്ള രാജിവരെ കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഒരു പദവിക്ക് വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ല. സൈബര്‍ ലോകത്തെ അജ്ഞരായ വിമര്‍ശകര്‍ക്ക് വേണ്ടി ഇത് വിശദീകരിക്കുന്നതില്‍ നാണക്കേടുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. അതിനിടെ കവിയെ അനുനയിപ്പിക്കാന്‍ സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. സച്ചിദാനന്ദന്‍ വിശാല കാഴ്ചപ്പാടില്‍ പറഞ്ഞ കാര്യം മറ്റൊരു തരത്തിലാണ് പ്രചരിച്ചതെന്ന് അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

video
play-sharp-fill