
കോട്ടയം: രാജ്യത്തെ ആദ്യ സൗരോര്‍ജ യാത്രാ ബോട്ട് സര്‍വീസ് ആരംഭിച്ച ജലഗതാഗത വകുപ്പിന്റെ വൈക്കം സ്‌റ്റേഷന് പുതിയ മൂന്ന് സൗരോര്‍ജ ബോട്ടുകള്‍ കൂടി അനുവദിച്ചു.
വൈക്കത്തുനിന്നു തവണക്കടവിലേക്ക് സര്‍വീസ് നടത്തുന്ന ഡീസല്‍ ബോട്ടുകള്‍ക്ക് പകരമായാണ് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സൗരോര്‍ജ ബോട്ടുകള്‍ വരുന്നത്.
20ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ബോട്ടുകള്‍ ഉദ്‌ഘാടനം ചെയ്യുമെന്ന് സി.കെ. ആശ എം.എല്‍.എ അറിയിച്ചു.
പുതിയ സ്‌റ്റേഷന്‍ മാസ്‌റ്റര്‍ ഓഫീസിന്റെ നിര്‍മാണോദ്‌ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റേഷനായിരിക്കും ഇത്. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റേഷനായിരിക്കും ഇതെന്ന് എം.എല്‍.എ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2017 മുതല്‍ സര്‍വീസ് നടത്തുന്ന ആദിത്യയാണ് രാജ്യത്തെ ആദ്യ സൗരോര്‍ജ യാത്രാ ബോട്ട്. പുതിയ ബോട്ടുകള്‍ വരുന്നതോടെ നിലവിലുള്ള ഡീസല്‍ ബോട്ടുകള്‍ പിന്‍വലിക്കും. ഒരു സൗരോര്‍ജ ബോട്ടിന് 3.15 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഇന്ത്യന്‍ രജിസ്‌ട്രാര്‍ ഓഫ് ഷിപ്പിംഗ് (ഐ.ആര്‍.എസ്) ക്ലാസില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ര്‌ട നിലവാരത്തില്‍ നിര്‍മിച്ച ബോട്ടുകള്‍ക്ക് 80 കിലോവാട്ട് ബാറ്ററി ശേഷിയുണ്ട്.
മണിക്കൂറില്‍ ശരാശരി 10.8 കിലോമീറ്റര്‍ വേഗത്തില്‍ സര്‍വീസ് നടത്തുന്ന ഇവയ്‌ക്ക് 15 മിനിറ്റിനുള്ളില്‍ വൈക്കത്തുനിന്ന് തവണക്കടവിലെത്താന്‍ കഴിയും. ഡീസല്‍ ബോട്ടുകളേക്കാള്‍ അഞ്ചുമിനിറ്റ് സമയലാഭം. 75 പേര്‍ക്കു യാത്ര ചെയ്യാം. സൗരോര്‍ജ ബോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ജലാശയങ്ങളിലെ മലിനീകരണം പൂര്‍ണമായും ഒഴിവാക്കാനാകും.
വര്‍ഷം തോറും ഏകദേശം ഒരു കോടി രൂപയുടെ ഡീസല്‍ ചെലവു ലാഭിക്കാം. ഏഴുവര്‍ഷത്തിനുള്ളില്‍ നിര്‍മാണച്ചെലവ് തിരിച്ചുപിടിക്കാവുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്.
കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല, കേരള മാരിടൈം ബോര്‍ഡ്, അനര്‍ട്ട് എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്‌ധരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുകയും ശബ്‌ദവുമില്ലാത്ത യാത്രാനുഭവമാണു യാത്രക്കാരെ കാത്തിരിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് പരിസ്‌ഥിതി സംരക്ഷണത്തിനു വലിയ സംഭാവന നല്‍കുന്നതായിരിക്കും പദ്ധതി.



