
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടർ ചമഞ്ഞെത്തിയ യുവതി ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്റെ പിടിയിൽ. ന്യൂറോ സർജനെന്ന വ്യാജേനയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ യുവതി കയറിക്കൂടിയത്.
ഇവർ പെരുന്ന സ്വദേശിയാണെന്നാണ് പ്രാഥമികവിവരം. പേരൂർക്കടയിലാണ് താമസിക്കുന്നതെന്നും ഇവർ മൊഴി നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സ്റ്റെതസ്കോപ്പ് ഉള്‍പ്പടെ ധരിച്ചാണ് യുവതി ആശുപത്രിയിലെത്തിയത്. സീനിയർ ന്യൂറോ സർജനെന്ന് പറഞ്ഞെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുരക്ഷാ ജീവനക്കാർ അധികൃതരെ വിവരം അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാന്റീൻ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഇവർ കറങ്ങിനടന്നിരുന്നതായി വ്യക്തമായി. ഇതിനിടെ സ്ഥലത്ത് നിന്നും മുങ്ങിയ ഇവരെ കണ്ടെത്താനായില്ല.
പിന്നീട് വേഷം മാറി മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കടന്നുകളയാൻ ശ്രമിക്കുമ്പോഴാണ് വനിതാ സെക്യൂരിറ്റി ജീവനക്കാർ യുവതിയെ പിടികൂടിയത്.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. യുവതിയുടെ യഥാർത്ഥ പേര് വ്യക്തമല്ല. ഇവർ പല പേരുകള്‍ മാറ്റി പറയുന്നുണ്ട്.
ഭർത്താവ് ശ്രീചിത്രയില്‍ ജോലിചെയ്യുന്നുവെന്ന് പറഞ്ഞെങ്കിലും അങ്ങനൊരാളെ കണ്ടെത്താനായിട്ടില്ല. വേഷം മാറി ആശുപത്രിയിലെത്തിയതിനു പിന്നിലെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



