
ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്.
വലതുകണ്ണിൻ്റെ കാഴ്ച 85 ശതമാനം നഷ്ടമായതായും ജയില്‍ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കണ്ണിനുള്ളിലുണ്ടായ രക്തം കട്ടപിടിച്ചതാണ് കാഴ്ച നഷ്ടപ്പെടാൻ കാരണമായതെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
ഇമ്രാൻ ഖാൻ്റെ കാഴ്ചശക്തി നഷ്ടപ്പെടുകയാണെന്ന് സുപ്രീം കോടതിയില്‍ സമർപ്പിച്ച മെഡിക്കല്‍ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂറി സല്‍മാൻ സഫ്ദർ തയ്യാറാക്കിയ റിപ്പോർട്ടില്‍ 2025 ഒക്ടോബർ വരെ ഖാന് രണ്ട് കണ്ണുകളിലും പൂർണമായ 6/6 കാഴ്ചശക്തി ഉണ്ടായിരുന്നുവെന്നും അതിനുശേഷം കാഴ്ച കുറഞ്ഞതായും റിപ്പോർട്ടില്‍ പറയുന്നു.
ഇമ്രാൻ ഖാൻ ഇപ്പോള്‍ തന്റെ വലതുകണ്ണില്‍ 15% കാഴ്ച മാത്രമേ നിലനിർത്തുന്നുള്ളൂവെന്ന് കോടതിയെ അറിയിച്ചു. മൂന്ന് മാസത്തേളം ഒരു സ്പെഷ്യലിസ്റ്റിനായി ഇമ്രാൻ ഖാൻ ആവർത്തിച്ച് അഭ്യർഥന നടത്തിയിരുന്നു.
എന്നാല്‍ ആവർത്തിച്ചുള്ള അഭ്യർഥനകള്‍ ജയില്‍ അധികൃതർ അവഗണിച്ചുവെന്ന് റിപ്പോർട്ട് ആരോപിക്കുന്നു. ഈ അവഗണന ഇമ്രാൻ ഖാൻ്റെ വലതുകണ്ണിൻ്റെ കാഴ്ച നഷ്ടപ്പെടാൻ കാരണമായി. ആരോഗ്യനില തീർത്തും മോശമായതോടെയാണ് പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ (PIMS) നേത്രരോഗവിദഗ്ദ്ധൻ ഡോ. മുഹമ്മദ് ആരിഫിനെ പരിശോധനയ്ക്കായി സമീപിച്ചത്. പരിശോധനയില്‍ കണ്ണില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തി.
2026 ജനുവരി അവസാനം ഇമ്രാൻ ഖാന് അടിയന്തര കുത്തിവയ്പ്പ് നല്‍കിയിരുന്നു. എന്നാല്‍ അവസ്ഥ പരിഹരിക്കാൻ സാധിക്കുന്ന ഘട്ടം കഴിഞ്ഞിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇമ്രാൻ ഖാൻ ജയിലില്‍ കടുത്ത ഏകാന്ത തടവിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് തവണ മാത്രമാണ് ഫോണില്‍ സംസാരിക്കാൻ അനുവദിച്ചത്. 73 വയസ്സുള്ള ഇമ്രാൻ ഖാന് ആവശ്യമായ രക്തപരിശോധനകളോ ദന്തചികിത്സയോ നല്‍കിയിട്ടില്ല. സ്വന്തം ഡോക്ടർമാരെ കാണാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് മാസമായി പ്രധാന അഭിഭാഷകരെ കാണാൻ അദ്ദേഹത്തെ അനുവദിച്ചിട്ടില്ല. നിലവില്‍ ഭാര്യയെ ആഴ്ചയിലൊരിക്കല്‍ 30 മിനിറ്റ് കാണാൻ മാത്രമാണ് അനുമതിയുള്ളത്.



