
കൊച്ചി: ഐഎസ്ആർഒ മുൻ ഉദ്യോഗസ്ഥന്റെ അവയവങ്ങൾ ദാനം ചെയ്തു. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃപ്പൂണിത്തുറയിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് പൂണിത്തുറ അമൃതഗിരി വീട്ടിൽ പി. അയ്യപ്പന് ഗുരുതരമായി പരിക്കേറ്റത്.
തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മസ്തിഷ്‌ക മരണം ഇന്നലെ ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. അന്തരിച്ച ലതയാണ് അയ്യപ്പന്റെ ഭാര്യ.
അമൃത ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജീവനക്കാരിയായ മകൾ ധന്യയും, മകൻ ധനേഷും കടുത്ത ദുഃഖത്തിനിടയിലും അവയവദാനം എന്ന മഹത്തായ തീരുമാനത്തിന് മുന്നോട്ടുവരികയായിരുന്നു. സർക്കാർ ഏജൻസിയായ കെസോട്ടോ വഴിയാണ് അവയവദാനം നടപടികൾ പൂർത്തിയാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്യപ്പന്റെ വലതു കൈ ഇന്ത്യയിലെ ആദ്യ കൈമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രശസ്ത സർജൻ ഡോക്ടർ സുബ്രഹ്‌മണ്യ അയ്യരുടെ നേതൃത്വത്തിലാണ് അമൃത ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള പത്തനംതിട്ട ജില്ലയിലെ പെരുനാട് സ്വദേശി കിഷോറിനു നൽകിയത്.
അമൃത ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള പത്തനംതിട്ട ജില്ലയിലെ കുമ്പഴ വെട്ടൂർ സ്വദേശി ആയ 58 കാരനാണ് കരൾ മാറ്റിവെച്ചത്. ഡോക്ടർ ബിനോജ്. എസ്. ടി., ഡോക്ടർ സുധീന്ദ്രൻ. എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കണ്ണുകൾ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു.
അച്ഛന്റെ വിയോഗം വലിയൊരു വേദനയാണെങ്കിൽ പോലും അച്ഛൻ വഴി ഒരുപാട് ആളുകൾക്ക് ജീവിതം തിരികെ ലഭിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും, അവയവദാനത്തിന്റെ പ്രസക്തി തങ്ങൾക്ക് ബോധ്യമുണ്ടെന്നും തങ്ങളുടെ പിതാവിന് നൽകാവുന്ന ഏറ്റവും വലിയ ആദരമാണ് ഇതെന്നും മക്കൾ പ്രതികരിച്ചു.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം, പൂർണ്ണ ആദരവോടെ മൃതദേഹം ബന്ധുമിത്രാദികൾക്ക് വിട്ടു നൽകി. പ്രാർത്ഥനാ ചടങ്ങുകൾക്ക് സ്വാമിമാരായ ജയദാമൃത ചൈതന്യ, സംസിദ്ധാമൃത ചൈതന്യ എന്നിവർ നേതൃത്വം നൽകി.
മരണാനന്തര അവയവ ദാനത്തിലൂടെ സമൂഹത്തിന് മാതൃകയായ അയ്യപ്പന്റെ മൃതദേഹം അമൃത ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ ഡോക്ടർമാരും ജീവനക്കാരുമടക്കമുള്ളവർ അന്തിമോപചാരം അർപ്പിക്കുകയും ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു.



