നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി പ്രതീക്ഷിക്കുന്നത് 30 സീറ്റുകളിൽ വിജയം: ഭാവിയിൽ കേരളത്തില്‍ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന ശക്തമായ അവകാശ വാദവും ഉന്നയിച്ച് ദേശീയ അധ്യക്ഷൻ നിതിൻ നവീൻ.

Spread the love

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കുറഞ്ഞത് 30 സീറ്റുകളില്‍ വിജയിക്കണമെന്ന ലക്ഷ്യം മുന്നോട്ടുവെച്ച്‌ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ.

video
play-sharp-fill

സംസ്ഥാനത്ത് നിലവില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ഇത് വോട്ടാക്കി മാറ്റാൻ താഴെത്തട്ടില്‍ ശക്തമായ പ്രവർത്തനം കാഴ്ചവെക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം കൊച്ചിയില്‍ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് ഈ ‘മിഷൻ 30’ പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തകർ ബൂത്തുതല പ്രവർത്തനങ്ങളില്‍ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിതിൻ നവീൻ ആവശ്യപ്പെട്ടു. ഓരോ നേതാവും അവരവരുടെ സ്വന്തം ബൂത്തുകളില്‍ പാർട്ടിയുടെ ലീഡ് ഉറപ്പാക്കണം. താഴെത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തമാക്കിയാല്‍ കേരളത്തില്‍ വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന ശക്തമായ അവകാശവാദവും ദേശീയ അധ്യക്ഷൻ ഉന്നയിച്ചു. അങ്കമാലിയില്‍ എറണാകുളം, ഇടുക്കി ജില്ലകളിലെ ബൂത്ത് പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന് സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ദേശീയ അധ്യക്ഷനെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു. നാളെ തൃശൂരില്‍ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് അദ്ദേഹം ഔദ്യോഗികമായി തുടക്കമിടും.