
കോട്ടയം: യുഡിഎഫിലും എല്ഡിഎഫിലും സിറ്റിംഗ് എംഎല്എമാര് മത്സരരംഗത്ത് തുടരും. യുഡിഎഫില് തിരുവഞ്ചൂര് രാധാകൃഷ്ണന് കോട്ടയത്തും ചാണ്ടി ഉമ്മന് പുതുപ്പള്ളിയിലും മാണി സി.
കാപ്പന് പാലായിലും മോന്സ് ജോസഫ് കടുത്തുരുത്തിയിലും വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ സ്വതന്ത്ര ചിഹ്നത്തില് (ട്രാക്ടര്) മത്സരിച്ച മാണി സി. കാപ്പൻ ഇത്തവണ കേരള ഡെമോക്രാറ്റിക് പാര്ട്ടിക്ക് അനുവദിച്ച ചിഹ്നത്തില് (ടെലിവിഷന്) മത്സരിക്കും.
2021ല് പുതുപ്പള്ളിയില് ഉമ്മന് ചാണ്ടി സിപിഎമ്മിലെ ജെയ്ക് സി. തോമസിനെ 9044 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2023 ഉപതെരഞ്ഞെടുപ്പില് കോണ്ഗ്രസിലെ ചാണ്ടി ഉമ്മന് ജെയ്ക് സി. തോമസിനെ 37,719 വോട്ടുകള്ക്ക് പരാജയപ്പെടുത്തി.
2021ല് കോട്ടയത്ത് തിരുവഞ്ചൂര് രാധാകൃഷ്ണന് സിപിഎമ്മിലെ കെ. അനില്കുമാറിനെക്കാള് 18,743 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആ തെരഞ്ഞെടുപ്പില് കടുത്തുത്തുരുത്തിയില് മോന്സ് ജോസഫിന് കേരള കോണ്ഗ്രസ്-എമ്മിലെ സ്റ്റീഫന് ജോര്ജിനെക്കാള് 4256 വോട്ടുകളുടെ മേല്ക്കൈ ലഭിച്ചു. പാലായില് മാണി സി. കാപ്പന് കേരള കോണ്ഗ്രസ്-എമ്മിലെ ജോസ് കെ. മാണിയെ 15,378 വോട്ടുകളുടെ ഭൂരിപക്ഷത്തില് പരാജയപ്പെടുത്തി.
കേരള കോണ്ഗ്രസ്-ജോസഫ് 2021ല് മത്സരിച്ച ഏറ്റുമാനൂര്, ചങ്ങനാശേരി മണ്ഡലങ്ങളില് കോണ്ഗ്രസ് ഇത്തവണ വില പേശുന്നതും വച്ചുമാറ്റസാധ്യതയുമൊക്കെ അണിയറ ചര്ച്ചയിലുണ്ട്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര് മണ്ഡലങ്ങളിലൊന്നിലാണ് വച്ചുമാറ്റ സാധ്യത. എന്നാല് ഏറ്റുമാനൂരിലും ചങ്ങനാശേരിയിലും വിട്ടുവീഴ്ചയില്ലെന്നാണ് ജോസഫിന്റെ നിലപാട്. കോണ്ഗ്രസില് പുതുപ്പള്ളിയും കോട്ടയവും ഒഴികെ വിവിധ മണ്ഡലങ്ങളിലേക്ക് ഇരുപതോളം പേരുകളാണ് സ്ഥാനാര്ഥി സാധ്യതയില് ഇടം പിടിച്ചിക്കുന്നത്.
നാട്ടകം സുരേഷ്, ഫില്സണ് മാത്യൂസ്, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, ജി.ഗോപകുമാര്, ടോമി കല്ലാനി, ജോസഫ് വാഴയ്ക്കന്, അഡ്വ. സിബി ചേനപ്പാടി, ജിജി അഞ്ചാനി, റോണി കെ ബേബി, പി.ആര്. സോന തുടങ്ങി ഇരുപതോളം പേരുകളാണ് കോണ്ഗ്രസില് ഉയരുന്നത്.
തര്ക്കമില്ലാത്ത സീറ്റുകളില് കോണ്ഗ്രസിന്റെ ഒന്നാം സ്ഥാനാര്ഥി ലിസ്റ്റ് രണ്ടു ദിവസത്തിനുള്ളില് പുറത്തുവരും. ഇതിനൊപ്പം ഘടകകക്ഷികളുമായുള്ള സീറ്റ് ചര്ച്ചകള്ക്കും തുടക്കമാകും. കോണ്ഗ്രസും കേരള കോണ്ഗ്രസും കേരള ഡെമോക്രാറ്റിക് പാർട്ടിയുമാണ് ജില്ലയില് യുഡിഎഫില് മത്സരിക്കുക. മുസ്ലിം ലീഗ് പൂഞ്ഞാര് സീറ്റില് താത്പര്യം അറിച്ചിട്ടുണ്ടെങ്കിലും കിട്ടാന് സാധ്യതയില്ല.



