ചുരിദാര്‍ ധരിച്ച പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം; സുരക്ഷാ ജീവനക്കാരനെ പുറത്താക്കി മാനേജ്‌മെന്റ്: കേസെടുത്ത് വനിതാ കമ്മിഷന്‍

Spread the love

കൊല്ലം: ചുരിദാര്‍ ധരിച്ചെത്തിയതിന്റെ പേരില്‍ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതിരുന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍.

video
play-sharp-fill

നെടുവത്തൂര്‍ ഇവിഎച്ച്‌എസിലെ പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞതില്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. അധ്യാപികയെ തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അക്കാദമിക കാര്യങ്ങളില്‍ ഇടപെട്ടതിനും അധ്യാപികയെ തടഞ്ഞ സംഭവത്തിലും മൂന്നുദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സ്‌കൂള്‍ മാനേജര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. വിഷയത്തില്‍ ഡിഇഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. സ്‌കൂള്‍ പ്രഥമാധ്യാപിക സിന്ധു എസ്. നായരുടെ പരാതിയും മൊഴിയും പരിശോധിച്ചാണ് ഡിഇഒ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ചുരിദാര്‍ ധരിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍പും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നാണ് അധ്യാപികയുടെ മൊഴി. മാനേജര്‍ വിഷയത്തില്‍ പലപ്പോഴും ഇടപെട്ടിരുന്നു. അധ്യാപികമാര്‍ക്ക് ചുരിദാര്‍ ധരിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുള്ളതായി മാനേജരെ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ്, സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങളുമായെത്തിയ സമയത്ത് സെക്യൂരിറ്റി തന്നെ തടഞ്ഞുവച്ചതെന്നുമാണ് അധ്യാപികയുടെ മൊഴി.

അതിനിടെ, പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞ സ്‌കൂള്‍ കാവല്‍ക്കാരനെ മാനേജ്മെന്റ് പുറത്താക്കി. പ്രധാനാധ്യാപികയെന്ന പരിഗണന നല്‍കാതെ അവഹേളിച്ചെന്ന് കണ്ടെത്തിയാണ് നടപടി. സുരക്ഷാ ജീവനക്കാരന്‍ ശശാങ്കനെയാണ് സ്‌കൂള്‍ മാനേജര്‍ കെ സുരേഷ്‌കുമാര്‍ പുറത്താക്കിയത്. സംഭവത്തില്‍ സംഭവത്തില്‍ അധ്യാപികയുടെ പരാതിയില്‍ നേരത്തെ കൊട്ടാരക്കര പൊലീസ് സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാനാധ്യാപികയെ തടഞ്ഞതിനും മോശമായി പെരുമാറിയതിനുമാണ് കേസ്. ഇയാളെ പിന്നീട് ജാമ്യത്തില്‍വിടുകയും ചെയ്തിരുന്നു.