ഓൺലൈൻ കേസ് ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് പരാതി; ബിജെപി ഓഫീസിന് മുന്നിൽ സമരവുമായി കുടുംബം 

Spread the love

കോതമംഗലം: ഭാരതീയ ജനതാ പാർട്ടി പ്രാദേശിക നേതാക്കൾ മകനെ ഓൺലൈൻ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാരോപിച്ച് കുടുംബം സമരവുമായി രംഗത്ത്. ചേലാട് സ്വദേശിയായ ജോർജ്, ഭാര്യയും ബന്ധുവും ചേർന്നാണ് കോതമംഗലം നഗരത്തിലെ ബിജെപി ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയത്.

video
play-sharp-fill

കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന ഉറപ്പുനൽകി വിവിധ ഘട്ടങ്ങളിലായി 10,58,000 രൂപ വാങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ജൂൺ മുതൽ നവംബർ വരെയാണ് പണം കൈമാറിയതെന്ന് ജോർജ് പറയുന്നു.

ഓൺലൈൻ ബിസിനസുമായി ബന്ധപ്പെട്ട പരാതിയിൽ മകനെതിരെ നടപടി ഒഴിവാക്കുന്നതിനായി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണനും സെക്രട്ടറി ടി.എസ്. സുനീഷും പണം ആവശ്യപ്പെട്ടതായാണ് ആരോപണം. ഒരു പോലീസ് ഉദ്യോഗസ്ഥൻ വഴിയാണ് പണം കൈമാറിയതെന്നും പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കേസ് തീർപ്പാകാതെ വീണ്ടും പുതിയ കേസ് രജിസ്റ്റർ ചെയ്‌തതോടെ ജോർജ് നേരിട്ട് അഞ്ച് ലക്ഷം രൂപ കൂടി നൽകി പ്രശ്നം ഒത്തുതീർപ്പാക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് മുമ്പ് നൽകിയ 10,58,000 രൂപ തിരികെ ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ പ്രതികരിച്ചില്ലെന്നാണ് ആരോപണം.

സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കും നവംബർ മുതൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് കുടുംബം പറയുന്നു. ജനുവരി 16ന് മൂവാറ്റുപുഴ ഡിവൈഎസ്പിക്കും പരാതി നൽകിയിരുന്നുവെങ്കിലും പുരോഗതി ഉണ്ടായില്ലെന്ന് ഇവർ ആരോപിച്ചു.

ഇതോടെ കൈയിൽ പെട്രോളുമായി ആത്മഹത്യ ഭീഷണിയുമായി ബിജെപി ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തുകയായിരുന്നു കുടുംബം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി വിവരമുണ്ട്.