
കൊച്ചി: പരിശോധന കര്‍ശനമാക്കിയിട്ടും സംസ്ഥാനത്തേക്ക് ലഹരിയുടെ ഒഴുക്ക് വ്യാപകം.പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികളെ ലഹരി കേസുകളില്‍ സഹായിക്കാനെത്തുന്നത് മലയാളികളാണെന്ന് ആന്‍റി നര്‍കോട്ടിക്‌സ് ക്ലബ്ബ് പ്രസിഡന്‍റ് ഇന്ദ്രജിത്ത്. ഭായ് കോളനി എന്ന സ്ഥലത്ത് എല്ലാ ലഹരി വസ്തുക്കളും ലഭിക്കും.
എക്‌സൈസോ പോലീസോ പിടിച്ചാലും ജാമ്യത്തില്‍ ഇറങ്ങാനായി ഒരു നിശ്ചിത അളവില്‍ മാത്രമേ ഇവര്‍ ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കാറുള്ളു.
ജാമ്യം ലഭിക്കാനായി കൂട്ടുനില്‍ക്കുന്നത് മലയാളികള്‍ തന്നെയാണ്. പൊറുതിമുട്ടിയ നാട്ടുകാര്‍ തന്നെ ഇപ്പോള്‍ പലരെയും പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയാണെന്ന് ഇന്ദ്രജിത്ത് ദീപിക ഓണ്‍ലൈനോട് പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആസാം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആള്‍ക്കാരാണ് പ്രധാനമായിട്ടും ഭായ് കോളനിയില്‍ ഉള്ളത്. അവിടെ പോയി കഴിഞ്ഞാല്‍ കോല്‍ക്കത്തയിലോ ഗുവാഹട്ടിയിലോ പോയതു പോലെയാണ്.
അന്യസംസ്ഥാന തൊഴിലാളികളുടെ ഹബ്ബ് ആണത്. അങ്ങോട്ട് കയറിക്കഴിഞ്ഞാല്‍ ഏത് ലഹരിയാ, കഞ്ചാവാണോ, ഇന്‍ജെക്ഷന്‍ ആണോ, പെണ്ണ് ആണോ എന്താ വേണ്ടതെന്ന് ചോദിച്ച് ആളുകള്‍ ഇങ്ങോട്ട് വരും. പ്രധാനമായും ഹെറോയിന്‍ ആണ് അവിടെയുള്ളത്. ഒരുപാട് ആളുകള്‍ ഇപ്പോള്‍ ലഹരിക്ക് അടിമകളാണെന്ന് ഇന്ദ്രജിത്ത് പറഞ്ഞു.
ലഹരിയുമായി പോലീസ് പിടികൂടുമെങ്കിലും ഒരു നിശ്ചിത അളവില്‍ കൈവശം വച്ചാല്‍ മാത്രമേ കേസ് രജിസ്‌റ്റര്‍ ചെയ്യാനാവുകയുള്ളു. അതുകൊണ്ട് അധികം അളവില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ ഇവര്‍ കൈവശം വയ്ക്കില്ല.
അതിനാല്‍ തന്നെ പോലീസ് പിടികൂടിയാലും പെട്ടെന്ന് കേസില്‍ നിന്നും ഊരി പോകാനാവും. അന്യസംസ്ഥാന തൊഴിലാളികള്‍ പൊട്ടന്‍മാരാണെന്ന് മലയാളികള്‍ പറയും. എന്നാല്‍ അവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ളത്.
എത്ര അളവ് സൂക്ഷിച്ചാലാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുന്നതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അതിന് അനുസരിച്ചാണ് ഇവര്‍ ലഹരി വസ്തുക്കള്‍ കൈയില്‍ വയ്ക്കുന്നത്. അതുകൊണ്ട് തന്നെ പിടിച്ചു കഴിഞ്ഞാലും അവരെ ജയിലിലാക്കാന്‍ കഴിയില്ല.
മാത്രമല്ല, ഇവരെ മലയാളികള്‍ തന്നെ സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ജാമ്യം നില്‍ക്കാന്‍ ആളുകളെ വാടകയ്ക്ക് എടുത്ത് അറസ്റ്റിലാകുന്ന ഇവരെ പുറത്തിറക്കി കൊടുക്കുന്ന മലയാളികളുണ്ട്. മീഡിയേറ്റര്‍ ആയി നില്‍ക്കുന്ന മലയാളി ഇവരുടെ പക്കല്‍ നിന്നും നല്ലൊരു തുകയും വാങ്ങുന്നുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളെ വച്ച് ജീവിക്കുന്ന ഒരുപാട് മലയാളികളും പെരുമ്പാവൂരിലുണ്ട്. കഞ്ചാവ് ആണെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍ഡ് ചെയയണമെങ്കില്‍ 900 ഗ്രാം വേണം. എംഡിഎംഎ ആണെങ്കില്‍ 0.5 ഗ്രാം വേണം. ഹെറോയിന്‍ 0.8 ഗ്രാം വേണം.
എന്നാല്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവുകയുള്ളു. എന്നാല്‍ ഒന്നോ രണ്ടോ ഇന്‍ജെക്ഷന് ഉപയോഗിക്കാനായി 0.2 ഗ്രാം അല്ലെങ്കില്‍ 0.4 ഗ്രാം വരെ മാത്രമേ ഇവര്‍ കൈവശം വയ്ക്കുകയുള്ളു. പോലീസ് പിടിച്ചാലും ആളുകള്‍ ഇറക്കി കൊണ്ടു പോകാന്‍ വരുമെന്ന് അവര്‍ക്കറിയാം.
പെരുമ്പാവൂരില്‍ ഇപ്പോള്‍ ഭായ് കോളനി നാട്ടുകാര്‍ ചേര്‍ന്ന് അടപ്പിച്ചു. മലയാളികളുടെ സ്ഥലമാണ് ഇവര്‍ വാടകയ്ക്ക് എടുത്തിട്ട് നില്‍ക്കുന്നത്.
നാട്ടുകാരും ക്ലബ്ബുകളും എല്ലാവരും കൂടി അവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് അവര്‍ക്ക് നോട്ടീസ് കൊടുത്തു. അവിടെയുള്ള ബംഗാളികളും ആസാംകാരും അവിടെ നിന്നും മാറി. എന്നാല്‍ പെരുമ്പാവൂരില്‍ നിന്നും ഭായിമാരെ ഒഴിവാക്കുക എന്നത് ഇനി നടക്കില്ല.
അവിടെ നല്ല ഭായിമാരും ഉണ്ട്. കുറച്ചു പേര്‍ മാത്രമാണ് അവിടെ നിന്നും പുറത്തേക്ക് പണിക്ക് പോകുന്നുള്ളു. ബാക്കിയുള്ളവര്‍ അവിടെ തന്നെ ലഹരി വില്‍പ്പനയുമായി കഴിയുകയാണ്. പല ജില്ലകളില്‍ നിന്നും ഇവിടെ ലഹരി വാങ്ങാനായി എത്താനുണ്ട്.
പാലക്കാട്ടുതാഴം എന്നാണ് ഭായ് കോളനി ഉണ്ടായിരുന്ന സ്ഥലത്തിന്‍റെ പര്. ഒരു വയലിന്‍റെ നടുക്കാണിത്. രണ്ടു സൈഡിലും റോഡുകളുണ്ട്. ഒരു സൈഡില്‍ പോലീസോ എക്‌സൈസോ വന്നാല്‍ അവര്‍ക്ക് മറ്റൊരു സൈഡിലൂടെ രക്ഷപ്പെടാം.
പലയിടങ്ങളില്‍ നിന്നും ആളുകള്‍ ലഹരി വാങ്ങാന്‍ എത്തുന്നുണ്ട്. ലഹരി ഉപയോഗിച്ചു കൊണ്ടാണ് ഭായിമാര്‍ ഇതിലെ നടക്കുന്നത്. അങ്ങോട്ടേക്ക് കയറുമ്പോള്‍ വേണോ വേണോ എന്ന് ഇങ്ങോട്ട് ചോദിക്കും. എന്താണ് എന്ന് ചോദിക്കുമ്പോള്‍, എന്താണ് വേണ്ടത്, ഇവിടെ എല്ലാമുണ്ടെന്നാണ് അവര്‍ പറയുന്നത്.
വലിയ അളവില്‍ ഒഡീഷയില്‍ നിന്നുമൊക്കെ എത്തിച്ച് ഓര്‍ഡറുകള്‍ക്ക് അനുസരിച്ചാണ് ഇവര്‍ വില്‍ക്കുന്നത്. ശരിക്കുമുള്ള ഹെറോയിന്‍ അല്ല, അതിന്‍റെ വേസ്റ്റ് ആണ് ഭായിമാര്‍ ഇവിടെയുള്ള ആളുകള്‍ക്ക് നല്‍കുന്നത്.
അത് കുത്തിവച്ച് പലരും സുഖം തേടുന്നു. ഒരു തവണ ഇത് ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെയും ലഭിച്ചില്ലെങ്കില്‍ ഒരുപാട് ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് പെരുമ്പാവൂര്‍ സ്വദേശികളും ഇതിന് അടിമകളായി.



