ജമ്മു കാശ്മീർ വിഭജന ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു : പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാണ്, കാശ്മീരിനായി മരിക്കാനും തയ്യാർ ; ലോക്സഭയിൽ വികാരഭരിതനായി അമിത് ഷാ
സ്വന്തം ലേഖിക
ന്യൂഡൽഹി: ജമ്മു കശ്മീർ വിഭജന ബില്ലും പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള പ്രമേയവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു.
ബില്ലിൽ ചർച്ച ആരംഭിച്ചപ്പോൾ തന്നെ ബില്ലിനെ എതിർത്തുകൊണ്ടു കോൺഗ്രസ് രംഗത്ത് വന്നു. എന്താണ് കശ്മീരിൽ നടക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യമുന്നയിച്ചു.ബില്ല് കൊണ്ടു വന്നത് നിയമ വിരുദ്ധമാണെന്നാണ് ലോക്സഭയിലെ കോൺഗ്രസിൻറെ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധുരി ആരോപണം ഉന്നയിച്ചത്. എന്താണ് നിയമവിരുദ്ധമെന്ന് കൃത്യമായി ചൂണ്ടിക്കാട്ടണമെന്ന് സ്പീക്കർ ഓംപ്രകാശ് ബിർള ആവശ്യപ്പെട്ടു. അതേസമയം, കോൺഗ്രസ് നിരയിൽ ഇരിക്കുന്ന രാഹുൽ ഗാന്ധി ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
കശ്മീർ ആഭ്യന്തര വിഷയമല്ലയെന്ന് വാദിച്ച അധിർ രഞ്ജൻ ചൗധുരിയ്ക്ക് കടുത്ത ഭാഷയിലാണ് അമിത് ഷാ മറുപടി നൽകിയത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ അദ്ദേഹം കശ്മീരിൽ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും. പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും വ്യക്തമാക്കി.
ഇതേതുടർന്ന് സഭയിൽ ബഹളം തുടങ്ങി. ഈ ബഹളത്തിനിടയിൽ ബില്ല് പാസ്സാക്കിയെടുക്കാൻ ജീവൻ തന്നെ നൽകാൻ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. മാത്രമല്ല ഇത് രാഷ്ട്രീയനീക്കമല്ല, രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന കാര്യമാണെന്നും അമിത് ഷാ പറഞ്ഞു.
ഇതേത്തുടർന്ന് പ്രതിപക്ഷത്തിൻറെ ബഹളം രൂക്ഷമായി. ബില്ലിൻറെ നിയമവശങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ചർച്ചയിൽ ചൂണ്ടിക്കാട്ടുന്നത്.
തൃണമൂൽ കോൺഗ്രസ് ബില്ലിനെതിരെ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുകയാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ബില്ലിനെതിരെ സംസാരിച്ച ഡിഎംകെ എംപി ടി ആർ ബാലു രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ആരോപിച്ചു
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാജ്യസഭക്ക് പിന്നാലെ ലോക്സഭയിലും ജമ്മു-കശ്മിർ പ്രമേയവും വിഭജന ബില്ലും ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചിരുന്നു.