play-sharp-fill
മൂന്നു വർഷംകൂടി സർവീസ് നടത്താൻ അനുമതിയുള്ള 1400 ബസുകൾ പൊളിക്കാൻ കെഎസ്ആർടിസിയിൽ നീക്കം ; അരങ്ങേറുന്നത് വൻ അഴിമതി

മൂന്നു വർഷംകൂടി സർവീസ് നടത്താൻ അനുമതിയുള്ള 1400 ബസുകൾ പൊളിക്കാൻ കെഎസ്ആർടിസിയിൽ നീക്കം ; അരങ്ങേറുന്നത് വൻ അഴിമതി

സ്വന്തം ലേഖിക

കൊച്ചി: സർവീസ് നടത്താൻ മൂന്ന് വർഷം കൂടി അനുമതിയുള്ള 1,400 ബസുകൾ പൊളിച്ചടുക്കാൻ കെ.എസ്.ആർ.ടി.സിയിൽ നീക്കം. കോഴിക്കോട്, ആലുവ, മാവേലിക്കര, എടപ്പാൾ എന്നീ ഡിപ്പോകളിലെ ബസുകളാണ് പൊളിക്കുന്നത്. നിലവിൽ, അൻപതോളം ബസുകൾ പൊളിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. മറ്റുള്ള ബസുകൾ ഘട്ടം ഘട്ടമായി ആക്രിയാക്കും. ഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഓർഡിനറി ബസുകളാണ് ഇതിൽ അധികവും. ഒറ്റയടിക്ക് ഇത്രയും ബസുകൾ കുറയുന്നത് കോർപ്പറേഷന്റെ വരുമാനത്തെ കാര്യമായി ബാധിക്കും. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ ആവശ്യം. അതേസമയം,? പ്രതിസന്ധി മറികടക്കാൻ 350 സ്വകാര്യ ബസുകൾ വാടകയ്ക്ക് എത്തിക്കാനാണ് കോർപ്പറേഷൻ ആലോചിക്കുന്നതത്രേ.

വാടക ബസും സ്വകാര്യ വത്കരണവും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016ലാണ് ബസുകളുടെ ബോഡി നിർമ്മാണം കെ.എസ്.ആർ.ടി.സി പൂർണമായും അവസാനിപ്പിച്ചത്. പുതിയ ബസുകൾ ഇറക്കി സർവീസ് ആരംഭിച്ചതാകട്ടെ 2018ലും. അതായത്, ഓർഡിനറി ബസുകളുടെ കുറവ് പരിഹരിക്കാൻ കോർപ്പറേഷന് മുന്നിലെ ഏക മാർഗം ബസുകൾ വാടകയ്ക്ക് എടുക്കുക മാത്രമാണ്. വാടക ബസുകളിൽ ഡ്രൈവറെ സ്വകാര്യ ബസുടമകൾക്ക് നിയോഗിക്കാം. എന്നാൽ, കണ്ടക്ടറും ഇന്ധനവും കോർപ്പറേഷൻ നൽകണമെന്നാണ് ചട്ടം. അതേസമയം, വാടക ബസുകളെ കൊണ്ടുവരുന്നത് സ്വകാര്യവത്കരണത്തിന്റെ ആദ്യ ഘട്ടമാണെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ ആരോപണം. നിലവിൽ കെ.എസ്.ആർ.ടി.സിയിലെ വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയുണ്ടായ സർവീസ് പരിഷ്‌കരണം മൂലം ഗ്രാമപ്രദേശങ്ങളിലെ ബസുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ബസുകൾ ഇല്ലാതാവുന്നതോടെ ദുരിതം ഇരട്ടിയാവുമെന്നും യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

സമരം ശക്തമാക്കും

കോർപ്പറേഷന്റെ നീക്കത്തിനെതിരെ ശക്തമായ സമരത്തിനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. 19ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ഇതിനു മുന്നോടിയായി ഡിപ്പോകളിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കും. യാത്ര കൂടുതൽ ദുഷ്‌കരമാകുന്നതോടൊപ്പം കോർപ്പറേഷന് കടുത്ത സാമ്പത്തിക ബാദ്ധ്യത പുതിയ തീരുമാനത്തിലൂടെ ഉണ്ടാവും.

പെരുമ്പളം ഷാജി, എറണാകുളം ജില്ലാ പ്രസിഡന്റ്
ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ ( ഐ.എൻ.ടി.യു.സി)