ഉത്തരക്കടലാസ് ചോർച്ച :അന്വേഷണം മുൻ അധ്യാപകരിലേക്കും പരീക്ഷചുമതലയുള്ള ഉദ്യോഗസ്ഥരിലേക്കും നീളുന്നു ;  പ്രണവും നസീമും പ്രതികളാകും

ഉത്തരക്കടലാസ് ചോർച്ച :അന്വേഷണം മുൻ അധ്യാപകരിലേക്കും പരീക്ഷചുമതലയുള്ള ഉദ്യോഗസ്ഥരിലേക്കും നീളുന്നു ; പ്രണവും നസീമും പ്രതികളാകും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ നിന്നും ചോദ്യപേപ്പർ ചോർന്ന സംഭവത്തിലെ അന്വേഷണം മുൻ അധ്യാപകരിലേക്കും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുൻ പ്രിൻസിപ്പാൾമാരെയും അധ്യാപകരെയും കേസിന്റെ അന്വേഷണ ചുമതലയുള്ള കന്റോൺമെന്റ് പോലീസ് ചോദ്യം ചെയ്തു.

സർവകലാശാല പരീക്ഷ നടത്തിപ്പിന്റെ രീതിയും ചോദ്യപേപ്പർ സൂക്ഷിക്കുന്നത് എങ്ങനെയാണെന്നുമൊക്കെയുള്ള കാര്യങ്ങളാണ് പ്രധാനമായും ഇവരിൽ നിന്നും അന്വേഷിച്ചത്. കേസിൽ എസ്.എഫ്.ഐ നേതാക്കളായ പ്രണവിനെയും നസീമിനെയും അന്വേഷണത്തിൽ ഉൾപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, എസ്.എഫ്.ഐ നേതാക്കൾ ക്രമക്കേട് നടത്തിയെന്ന് പി.എസ്.സി കണ്ടെത്തിയ പോലീസ് കോൺസ്റ്റബിൾ ലിസ്റ്റ് മരവിപ്പിക്കാനുള്ള സാധ്യതയുണ്ട്. ക്രമക്കേടിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന സംശയം ഉയർന്നതിനെ തുടർന്നാണ് പി.എസ്.സി ഇക്കാര്യം ആലോചിക്കുന്നത്. കൂടുതൽ പേർ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കേണ്ടതായിട്ടുണ്ട്. നേരത്തെ നടന്ന പരീക്ഷകളും ഈ രീതിയിൽ പരിശോധിക്കുമെന്നും പി.എസ്.സി വൃത്തങ്ങൾ പറയുന്നു.

യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ മൂന്ന് എസ്.എഫ്.ഐ നേതാക്കളെ, പരീക്ഷാ തട്ടിപ്പ് നടത്തിയതായി വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് പോലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ നിന്ന് പി.എസ്.സി പുറത്താക്കിയിരുന്നു. ഇവർക്ക് പി.എസ്.സി പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. മൂന്ന് പേരും സാങ്കേതികമായി പരീക്ഷാ തട്ടിപ്പ് നടത്തിയെന്ന് പി.എസ്.സി സ്ഥിരീകരിച്ചു.

ഇവരെ പി.എസ്.സി.യുടെ തെരഞ്ഞെടുപ്പ് നടപടികളിൽനിന്ന് സ്ഥിരമായി അയോഗ്യരാക്കും. അക്കാര്യം യു.പി.എസ്.സി. ഉൾപ്പെടെയുള്ള മറ്റു നിയമന ഏജൻസികളെ അറിയിക്കും. ക്രമക്കേടിന്റെ വിശദമായ വിവരങ്ങൾ കണ്ടെത്താൻ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്താൻ പോലീസിനോട് ആവശ്യപ്പെടും.

പോലീസ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് പ്രാഥമികമായി തെളിഞ്ഞ സാഹചര്യത്തിൽ ഈ റാങ്ക്പട്ടികയിൽനിന്നുള്ള നിയമനശുപാർശകൾ തത്കാലത്തേക്കു നിർത്തിവെക്കാൻ പി.എസ്.സി. തീരുമാനിച്ചു. കാസർകോട് റാങ്ക്പട്ടികയിൽനിന്ന് മൂന്നുപേരെ ഒഴിവാക്കി പട്ടികയും നിയമനക്രമവും പരിഷ്‌കരിക്കണം. കൂടുതൽ പേർ ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു വിശദമായ അന്വേഷണത്തിലൂടെയേ കണ്ടെത്താനാകൂ. അതിനുശേഷം നിയമനശുപാർശകൾ ആരംഭിച്ചാൽ മതിയെന്നാണു കമ്മിഷൻ യോഗം ധാരണയിലെത്തിയത്. ക്രമക്കേടിന്റെ വ്യാപ്തി കൂടുതലാണെന്നു തെളിഞ്ഞാൽ പരീക്ഷ റദ്ദാക്കേണ്ടി വരും.

യൂണിവേഴ്സിറ്റി കോളജ് കുത്തുകേസ് പ്രതികൾക്ക് സിവിൽ പോലീസ് ഓഫീസർ കെ.എ.പി നാലാം ബറ്റാലിയൻ കാസർകോട് റാങ്ക് പട്ടികയിൽ ഉയർന്ന റാങ്ക് ലഭിച്ചത് സംശയത്തിന് ഇടയാക്കിയിരുന്നു. പി.എസ്.സിയുടെ സുതാര്യത ചോദ്യം ചെയ്യുന്ന തരത്തിൽ ആരോപണം ഉയർന്നതോടെ കമ്മീഷന്റെ നിർദേശമനുസരിച്ച് പി.എസ്.സി വിജിലൻസ് വിഭാഗം പരിശോധന നടത്തി.

വിജിലൻസ് കഴിഞ്ഞദിവസം പി.എസ്.സി ചെയർമാന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. യൂണിവേഴ്‌സിറ്റി കോളജ് അക്രമക്കേസിൽ ഒന്നാംപ്രതിയായ ശിവരജ്ഞിത്തിന്റെയും 17-ാം പ്രതിയായ പ്രണവിന്റെയും മൊബൈൽ ഫോണുകളിലേക്ക് പരീക്ഷാസമയത്ത് അസാധാരണമാം വിധം എസ്.എം.എസുകൾ വന്നതായി സൈബർ പോലീസാണ് റിപ്പോർട്ട് നൽകിയത്. ഒരേ നമ്ബറിൽനിന്ന് ഇരുവരുടെയും ഫോണുകളിലേക്ക് 90 വീതം സന്ദേശങ്ങളാണ് ഒന്നേകാൽ മണിക്കൂറിനുള്ളിൽ എത്തിയത്. ഈ സന്ദേശങ്ങളെന്താണെന്നു പോലീസ് വേർതിരിച്ചെടുത്തിട്ടില്ല.

ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും ഇവരെ പരീക്ഷയിൽ സഹായിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ചോദ്യങ്ങൾ എങ്ങനെ പുറത്തെത്തി എന്നതിനെ കുറിച്ച് അന്വേഷിക്കാനും പി.എസ്.സി ശുപാർശ ചെയ്തു. മൂന്നു പേരും തിരുവനന്തപുരത്തെ സെന്ററുകളിലാണ് പരീക്ഷ എഴുതിയത്.

ശിവരഞ്ജിത്ത് ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28-ാം റാങ്കുമാണ് നേടിയത്. കുത്തുകേസിൽ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും നസീം രണ്ടാം പ്രതിയുമാണ്. പ്രതിപ്പട്ടികയിൽ ആദ്യ ഘട്ടത്തിൽ ഇല്ലാതിരുന്ന പ്രണവിനെ പിന്നീടാണ് പോലീസ് പ്രതി ചേർത്തത്.

എന്നാൽ കേസിലെ പ്രതികളായ എസ്.എഫ്.ഐക്കാരെ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താക്കിയതോടെ പരീക്ഷാ തട്ടിപ്പ് നടന്നുവെന്ന ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പി.എസ്.സി ചെയർമാന്റെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യത നഷ്ടപ്പെട്ടു. പി.എസ്.സി അംഗങ്ങളും ഉദ്യോഗസ്ഥരും ക്രമക്കേടിൽ പങ്കാളികളായി. എല്ലാവർക്കുമെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.എസ്.സി നേരത്തെ നടത്തിയ പരിശോധനകളും അന്വേഷണത്തിൽ കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.