Spread the love

കൊച്ചി: കൗണ്ടറില്‍ പണം അടച്ച്‌ ശീട്ടാക്കേണ്ട, വിലപിടിപ്പുള്ള ദ്രവ്യങ്ങളും വേണ്ട. ഒരുപിടി കല്ലുപ്പ് നിവേദിച്ച്‌ പ്രാർത്ഥിച്ചാല്‍ പ്രസാദിക്കുന്നൊരു ദേവൻ ഇവിടെയുണ്ട്.
വടക്കൻ പറവൂരിലെ മന്നം ശ്രീസുബ്രഹ്മണ്യ സ്വാമി. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കല്ലുപ്പ്. അരിമ്ബാറ, ശമിക്കാത്ത വടുക്കള്‍, മറ്റ് ത്വക്ക് രോഗങ്ങള്‍ എന്നിവയുള്ളവർ ഉപ്പ് നിവേദിച്ച്‌ പ്രാർത്ഥിച്ചാല്‍ രോഗശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. കല്ലുപ്പ് പ്രധാന നിവേദ്യമായിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം.
തൈപ്പൂയവും മഹാസ്കന്ദ ഷഷ്ഠിയുമാണ് പ്രധാന വിശേഷദിവസങ്ങള്‍.

video
play-sharp-fill

ഉത്സവവേളയില്‍ ക്ഷേത്രമണ്ഡപത്തില്‍ ലോഡ് കണക്കിന് ഉപ്പ് നിറയും. നാരദമഹർഷി മഹാദേവന് സമ്മാനിച്ച പഴം പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തില്‍ പാർവതീ പരമേശ്വരന്മാരോട് കലഹിച്ച്‌ കൈലാസത്തില്‍ നിന്ന് പലായനം ചെയ്ത ബാലമുരുകൻ മന്നം ദേശത്ത് കുടിയിരുന്നുവെന്നാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം.

ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ അകലെ ഒറ്റ ശ്രീകോവിലില്‍ അനഭിമുഖമായി ശിവനെയും പാർവതിയെയും പ്രതിഷ്ഠിച്ചിരിക്കുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള പെരുവാരം മഹാദേവ ക്ഷേത്രവുമുണ്ട്. മന്നത്ത് മകരമാസത്തിലെ തൈപ്പൂയവും പെരുവാരത്ത് മേടത്തിലെ തിരുവാതിരയുമാണ് പ്രധാന ഉത്സവം.
മഹാദേവ ക്ഷേത്രത്തിലെ ഒമ്ബതാം ഉത്സവദിവസം (വലിയവിളക്ക്) വാദ്യമേളങ്ങളുടെയും തെയ്യം, കാവടി, താലപ്പൊലി എന്നിവയുടെയും അകമ്ബടിയോടെ ബാലമുരുകൻ ആഘോഷപൂർവം പിതാവിനെ ദർശിക്കാനെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുവാരം ക്ഷേത്രത്തില്‍ ആ വർഷം നടന്ന എല്ലാ ഉത്സവ ചടങ്ങുകളും അന്ന് ഒരിക്കല്‍കൂടി ആവർത്തിക്കും. പിറ്റേന്ന് മകന്റെ അടുത്തേക്ക് എഴുന്നള്ളുന്ന മഹാദേവൻ സുബ്രഹ്മണ്യനൊപ്പം മന്നം ക്ഷേത്രക്കുളത്തില്‍ ആറാടി മടങ്ങുന്നതോടെ ഉത്സവം കൊടിയിറങ്ങും. പിന്നീട് അടുത്ത ഉത്സവംവരെ അച്ഛനും മകനും തമ്മില്‍ അകല്‍ച്ചയിലായിരിക്കുമെന്നാണ് വിശ്വാസം.

ദൂരെ ദേശത്ത്‌ നിന്നും ഭക്തർ
ഉപ്പ് വഴിപാടിന് പണമൊന്നും നല്‍കേണ്ടതില്ല. രാവിലെ 5 മുതല്‍ 11വരെയും വൈകിട്ട് 5 മുതല്‍ 7.30 വരെയും ക്ഷേത്രത്തിലെത്തി വഴിപാട് നടത്താം. ശ്രീകോവിലിനു മുന്നിലുള്ള മണ്ഡപത്തിലാണ് ഉപ്പ് സമർപ്പിക്കേണ്ടത്. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ദിവസവും നിരവധി ഭക്തർ ഉപ്പുനിവേദിക്കാൻ എത്താറുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.