
ചെന്നൈ: രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കുന്ന നടന് വിജയ്യുടെ അവസാന ചിത്രമെന്ന നിലയില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘ജനനായകന്’ തീയറ്ററിലെത്താന്‍ വൈകും.
പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ജനുവരി ഒന്‍പതിനാണ് ഈ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത്. റിലീസ് തീയതി നീട്ടിയെങ്കിലും പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല.
ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം വിജയ് ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കുന്നത്. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു എന്നാണ് കെവിഎന്‍ പ്രൊഡക്ഷന്‍സ് റിലീസ് തീയതി നീട്ടിവച്ചതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി വിധി പറയുന്നത് നീട്ടി വച്ചതിനെതുടര്‍ന്നാണ് റിലീസ് തീയതി നീട്ടിയത്. ആരാധകര്‍ക്ക് വലിയ തിരിച്ചടിയാണെങ്കിലും ‘ജനനായകന്’ വൈകുന്നത് നിര്‍മാണക്കമ്പനിക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം വരുന്ന സിനിമയായതിനാല്‍ വളരെ ആവേശത്തോടെയാണ് ചിത്രത്തെ ആരാധകരും ദക്ഷിണേന്ത്യന്‍ സിനിമാ ലോകവും കാത്തിരുന്നത്.



