
ന്യൂ ഡല്‍ഹി: ഡല്‍ഹി കലാപഗൂഢാലോചന കേസില്‍ ഉമർ ഖാലിദിനും ഷർജീല്‍ ഇമാമിനും ജാമ്യമില്ല. പ്രതികള്‍ക്കെതിരെ ശക്താമായ തെളിവുകള്‍ ഉണ്ടെന്നാണ് കോടതി നിരീക്ഷണം. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഗുള്‍ഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ, മീര ഹൈദർ, മുഹമ്മദ് സലിം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജരിയ എന്നിവർ ഉള്‍പ്പെട്ട ബഞ്ചാണ് വിധി പറഞ്ഞത്.
യുഎപിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ വിചാരണ വൈകുന്നത് ജാമ്യത്തിന് കാരണമല്ലെന്ന് കോടതി പരാമർശിച്ചു. കേസില്‍ പ്രതി ചേർക്കപ്പെട്ട ഓരോരുത്തരുടെയും പങ്ക് പ്രത്യേകം കേള്‍ക്കുമെന്നും ഇവർ നടത്തിയത് ഭീകരവാദമെന്നും കോടതി വ്യക്തമാക്കി. ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് വിധി പറഞ്ഞത്. അഞ്ച് വർഷത്തിലേറെയായി പ്രതികള്‍ കസ്റ്റഡിയിലാണ്. 2020ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഇവർ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.





