
ശബരിമല സ്വർണക്കൊള്ള കേസിൽ ആരും നിഷ്കളങ്കർ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് കഴിയും വരെ കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ നീട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും അദ്ദേഹത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്റുമായും അംഗങ്ങളുമായും പോറ്റിയെ ബന്ധപ്പെടുത്തിയതില്‍ അന്നത്തെ വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രന് പങ്കുണ്ടെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യാതിരിക്കാൻ പറ്റില്ലെന്നും കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോള്‍ ചോദ്യം ചെയ്യല്‍ സംഭവിച്ചത്, കടകംപള്ളിയുടെ ചോദ്യം ചെയ്യല്‍ എന്തിനാണ് രഹസ്യമാക്കിവെച്ചത്. എത്ര ഒളിപ്പിച്ചുവെച്ചാലും ഇതെല്ലാം പുറത്തുവരുമെന്നും തുടർനടപടി ഉണ്ടാകട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ താൻ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാല്‍ എസ്ഐടിക്കുമേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തുന്നുണ്ട് എന്നുമാത്രമാണ് പറഞ്ഞത്. ഇപ്പോഴും എസ്ഐടിയില്‍ വിശ്വാസമുണ്ട്. അവർ നല്ലരീതിയില്‍ നടപടികള്‍ പൂർത്തിയാക്കട്ടെ. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തരുതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയിലെ എല്ലാ കാര്യങ്ങളിലും സർക്കാർ ഇടപെടാറുണ്ട്. എല്ലാ അമ്ബലങ്ങളുടെയും കാര്യത്തില്‍ സർക്കാർ ഇടപെടാറില്ല എന്നതാണ് സത്യം. സ്വർണ്ണക്കൊള്ളയില്‍ നിലവില്‍ മൂന്ന് സിപിഐഎം നേതാക്കളാണ് ജയിലിലുള്ളത്. എന്നിട്ടും ഒരാള്‍ക്കെതിരെയും നടപടി എടുക്കില്ലെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നത്. അവർക്കെതിരെ നടപടി എടുത്താല്‍ പൈങ്കിളി തലക്കെട്ടുവരുമെന്ന് ഗോവിന്ദൻ പറയുന്നു. ശബരിമലയിലെ അയ്യപ്പന്റെ സ്വർണം കട്ടെടുത്തത് പൈങ്കിളിയാണോ?. സ്വർണം കട്ടവരെ സഹായിക്കുകയും അവർക്ക് കുടപിടിച്ചു കൊടുക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. അതാണ് സത്യം, വി ഡി സതീശൻ കൂട്ടി ചേർത്തു..
കേസില്‍ കോടതി ജാമ്യം പോലും കൊടുക്കാത്തവർക്കെതിരെ സിപിഐഎം നടപടി സ്വീകരിച്ചിട്ടില്ല. കൂടുതല്‍ നേതാക്കളുടെ പേര് പുറത്തുവരുമെന്ന പേടിയാണ് അവർക്ക്, നടപടിയെടുക്കാൻ സിപിഐഎം നേതാക്കളുടെ മുട്ടുവിറക്കും. കൂടുതല്‍ നേതാക്കളുടെ പേര് റിമാൻഡില്‍ ആയവർ പറയുമെന്ന ഭയമുണ്ട് സർക്കാരിന്. എവിടെ ചെന്ന് നില്ക്കുമെന്നോ ആരെല്ലാം പണം കൈപ്പറ്റിയെന്നോ അവർക്കുപോലുമറിയില്ല. ഇവരാരും നിഷ്കളങ്കരല്ലെന്നും വി ഡി സതീശൻ ആരോപിച്ചു.



