
തൃശൂർ: 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. മുരളീധരൻ ഗുരുവായൂരിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ്. അതേസമയം, തൃശൂരിൽ മത്സരിക്കാൻ തനിക്ക് വ്യക്തിപരമായ താല്പര്യമില്ലെന്ന് കെ. മുരളീധരൻ പ്രതികരിച്ചു.
ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും യു.ഡി.എഫിന്റെ ഭാഗമായി ലീഗ് തന്നെ അവിടെ മത്സരിക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച്. റഷീദ് പറഞ്ഞു. “മുരളീധരനെപ്പോലെയുള്ള കരുത്തനായ ഒരു നേതാവ് എവിടെ മത്സരിച്ചാലും വിജയിക്കും. തൃശൂരിൽ യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ അദ്ദേഹം മത്സരിക്കട്ടെ,” റഷീദ് കൂട്ടിച്ചേർത്തു. പട്ടാമ്പി സീറ്റ് ഏറ്റെടുക്കുന്ന കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ലീഗ് ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും.
അതേസമയം തിരുവനന്തപുരത്ത് പ്രവർത്തിക്കാനാണ് താത്പര്യമെന്നാണ് കെ മുരളീധരൻ പ്രതികരിച്ചു. താൻ ഗുരുവായൂർ ഭക്തനാണെന്നും മത്സരിക്കുന്നത് സംബന്ധിച്ച ചർച്ചകള്‍ ജനുവരിയില്‍ മാത്രമേ ആരംഭിക്കൂവെന്നും പാർട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു മുരളീധരൻ പ്രവർത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


