യുഡിഎഫിലെ ക്രൈസിസ് മാനേജറായി വിഡി സതീശന്‍; അടുത്ത ലക്ഷ്യം മുഖ്യമന്ത്രി കസേരയോ?

Spread the love

തിരുവനന്തപുരം: കേരളമൊട്ടാകെയുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ വലത് മിന്നും വിജയമാണ് കാഴ്ചവച്ചത്.  2025ലെ തിരഞ്ഞെടുപ്പ് വിജയം തങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുമ്ബോള്‍ അതിന് പിന്നില്‍ വിഡി സതീശന്റെ ഇലക്ഷന്‍ മാനേജ്‌മെന്റ് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.

video
play-sharp-fill

പാര്‍ട്ടി പ്രതിസന്ധിയിലായപ്പോഴും വി.ഡി സതീശന്‍ സ്വീകരിച്ച നിലപാടുകളുടെ കൂടി വിജയമാണ് കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗത്തിലേക്ക് എത്തിയത്. പ്രതിപക്ഷ നേതാവായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടിയെ നയിച്ചത് സതീശന്‍ നേരിട്ടാണ്. തൃക്കാക്കരയിലും, പുതുപ്പള്ളിയിലും നിലമ്ബൂരിലും, പാലക്കാട്ടും സതീശന്‍ പറഞ്ഞത് ജയിച്ചാല്‍ അത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ അംഗീകാരമെന്നും തോറ്റാല്‍ ഉത്തരവാദിത്തം തനിക്ക് മാത്രം എന്നുമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും യുഡിഎഫും നേടിയ മിന്നും ജയങ്ങള്‍ക്ക് പിന്നില്‍ സതീശന്റെ പ്രവര്‍ത്തനവും നേതൃമികവും പ്രകടമാണ്.

പാര്‍ട്ടിയെ സമീപകാലത്ത് ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്ന് എത്തിച്ചത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക ആരോപണങ്ങളാണ്. പാര്‍ട്ടിക്കുള്ളില്‍ രാഹുലിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചപ്പോഴും വി.ഡി സതീശന്‍ ഉറച്ച നിലപാടുമായി നിലകൊണ്ടു. ആദ്യ ഘട്ടത്തില്‍ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുകയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത് സതീശന്റെ തീരുമാനം പരിഗണിച്ചാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ച്‌ അവിടേക്ക് രാഹുല്‍ എത്തിയപ്പോഴും ആശമാരുടെ സമര വേദിയില്‍ രാഹുല്‍ എത്തിയപ്പോഴും തന്റെ നിരസം സതീശന്‍ തുറന്ന് പ്രകടിപ്പിച്ചു. രാഹുലിനെതിരായ ശക്തമായ നിലപാട് തനിക്ക് നേരെ കോണ്‍ഗ്രസ് അണികളുടെ സൈബര്‍ ആക്രമണത്തിലേക്ക് വരെ എത്തിയിട്ടും സതീശന്‍ കുലുങ്ങിയില്ല. സ്വീകരിച്ച നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ചു.

പിന്നീട് ബലാത്സംഗ കേസില്‍ യുവതിയുടെ പരാതി കിട്ടിയതിന് പിന്നാലെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും മുന്‍കൈയെടുത്തു. ഒരുപക്ഷേ ഈ തിരഞ്ഞെടുപ്പിന്റെ അജണ്ട തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ആകുമായിരുന്നു എന്ന അവസ്ഥയില്‍ നിന്നാണ് സതീശന്റെ നിലപാട് കോണ്‍ഗ്രസിന് ജീവവായു സമ്മാനിക്കുന്ന വിജയം ജനം സമ്മാനിക്കുന്നതിലേക്ക് എത്തിച്ചത്.

നിലമ്ബൂരിലെ ഉപതിരഞ്ഞെടുപ്പ് വേളയില്‍ പി.വി അന്‍വറിന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ടും താന്‍ സ്വീകരിച്ച നിലപാടില്‍ സതീശന്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു. അന്ന് ലീഗ് ഉള്‍പ്പടെ സമ്മര്‍ദ്ദം ചെലുത്തിയിട്ടും അന്‍വറിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന നിലപാടില്‍ നിന്ന് സതീശന്‍ പിന്നോട്ട് പോയില്ല. അഞ്ച് മാസങ്ങള്‍ക്കപ്പുറം കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകാനൊരുങ്ങുമ്ബോള്‍ യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന ചോദ്യത്തിന് സതീശന്റെ പേരിന് മുന്‍തൂക്കം നല്‍കുന്നത് കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി.