വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്റ്റര്‍ മെഡ്സിറ്റി 50 ലക്ഷം രൂപ നല്‍കും: ഡോ. ആസാദ് മൂപ്പന്
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമ്പോള്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ആസ്റ്റര്‍ മെഡ്സിറ്റി 50 ലക്ഷം രൂപ നല്‍കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് വാഗ്ദാനം ചെയ്തു. നിപ രോഗിയെ ചികിത്സിച്ച ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടര്‍മാരെയും നേഴ്സുമാരെയും മറ്റ് ജീവനക്കാരെയും ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ ഡോ. ആസാദ് മൂപ്പന് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ലെവല്‍-4 നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡോ. മൂപ്പന്റെ വാഗ്ദാനത്തെ മന്ത്രി കെ.കെ. ശൈലജ സ്വാഗതം ചെയ്തു. ലെവല്‍-3 നിലവാരത്തിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നതെന്നും ഭാവിയില്‍ അതിനെ ലെവല്‍-4 ആയി ഉയര്‍ത്താമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് അത്തരമൊരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കോഴിക്കോട് ലാബ് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.അതിനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മന്ത്രി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group