Spread the love

കോട്ടയം: വാഹനാപകടത്തിൽ പോലീസ് എഴുതിത്തള്ളിയ കേസിൽ, മരിച്ച സിആർപിഎഫ് ജവാന്റെ അവകാശികൾക്ക് 1.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. സാക്ഷികളെ കോടതി നേരിട്ട് വിളിച്ചുവരുത്തി തെളിവെടുത്താണ് വിധി പറഞ്ഞത്.

video
play-sharp-fill

കോട്ടയം കോതനല്ലൂർ മലയിൽ വീട്ടിൽ ജയേഷ്‌കുമാറിന്റെ അവകാശികൾക്കാണ് നഷ്ടപരിഹാരം അനുവദിച്ച് കോട്ടയം മോട്ടോർ ആക്സിഡന്റ്‌ ക്ലെയിംസ് ജഡ്‌ജി പ്രസൂൺമോഹൻ വിധി പ്രസ്താവിച്ചത്.

2021 ഒക്ടോബറിൽ ഏറ്റുമാനൂർ-കടുത്തുരുത്തി മെയിൻറോഡിൽ കാണക്കാരി കളരിപ്പടിയിലായിരുന്നു അപകടം. സിആർപിഎഫിൽ ജവാനായിരുന്ന ജയേഷ്‌കുമാർ (36)അവധിക്ക് നാട്ടിലെത്തിയതായിരുന്നു. അമിതവേഗത്തിലെത്തിയ കാർ ബൈക്കിലിടിക്കുകയും ജയേഷ് കുമാർ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. വണ്ടി കയറിയിറങ്ങിയ നിലയിൽ ഹെൽമെറ്റ് റോഡിൽനിന്ന് പോലീസ് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയേഷ്‌കുമാറിനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാറിന്റെ ഡ്രൈവർക്കെതിരേ കുറവിലങ്ങാട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെങ്കിലും ജയേഷ്‌കുമാറിന്റെ അശ്രദ്ധകൊണ്ടാണ് അപകടം ഉണ്ടായതെന്ന് രേഖപ്പെടുത്തി കാർ ഡ്രൈവറെ കേസിൽനിന്ന് കുറവിലങ്ങാട് പോലീസ് രക്ഷിച്ചു.

സംഭവത്തെത്തുടർന്ന് തളർന്ന് കിടപ്പിലായ ഭാര്യയും മൂന്നുവയസ്സുള്ള മകനും പോലീസ് നടത്തിയ തിരിമറി അറിഞ്ഞിരുന്നില്ല. പിന്നീട് നഷ്ടപരിഹാരത്തിനായി ക്രിമിനൽ കേസിന്റെ രേഖകൾ ലഭിച്ചപ്പോഴാണ് പോലീസ് കേസിൽനിന്ന് കാർഡ്രൈവറെ രക്ഷപ്പെടുത്തിയ വിവരം അറിഞ്ഞത്. ഉടൻ ജയേഷ്‌കുമാറിന്റെ ഭാര്യ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പുനരന്വേഷണത്തിനായി മേലധികാരികളെ സമീപിച്ചെങ്കിലും പോലീസ് നടപടിയെടുത്തില്ല. തുടർന്ന് പാലാ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു.

സംഭവം നേരിൽകണ്ട സാക്ഷികളുടെ മൊഴിയും പോലീസ് മഹസ്സറും മറ്റുതെളിവുകളും പരിശോധിച്ച കോടതി പ്രഥമദൃഷ്ട്യാ കാർ ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധയുംകൊണ്ടാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തി കാർ ഡ്രൈവർക്കെതിരേ കുറ്റം ചുമത്തി കേസ് ഫയലിൽ സ്വീകരിച്ചു. പ്രതിയെ കോടതി നേരിട്ട് സമൻസയച്ച് വരുത്തി.

നഷ്ടപരിഹാരത്തിനായി ജയേഷിന്റെ ഭാര്യയും മകനും ജയേഷിന്റെ മാതാപിതാക്കളും എംഎസിടി കോടതിയെ സമീപിച്ചു. അപകടംകണ്ട സാക്ഷികളെ നേരിട്ട് കോടതിയിൽ വിളിച്ചുവരുത്തി തെളിവെടുത്തു.

1,16,44,000 രൂപ വിധി തുകയും കോടതി ചെലവിനത്തിൽ 7,35,000 രൂപയും, ഹർജി ഫയൽ ചെയ്തദിവസം മുതലുള്ള പലിശ ഇനത്തിൽ 36,29,000 രൂപ ഉൾപ്പെടെ ഒരുകോടി 60 ലക്ഷം രൂപ 30 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു.