
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തില്‍ നിന്ന് സിപിഐ സ്ഥാനാർത്ഥി പിന്മാറി. വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ കുറിപ്പിട്ടാണ് സ്ഥാനാർത്ഥിയുടെ പിന്മാറ്റം.
ഊരുട്ടമ്പലം വാർഡിലെ സ്ഥാനാർത്ഥിയായി തീരുമാനിച്ച ജോസാണ് അവിചാരിതമായി പിന്മാറിയത്. സ്ഥാനാർത്ഥി ഒളിവിലെന്നും സൂചന. ഇതോടെ സിപിഐ വെട്ടിലായി. നാമനിർദ്ദേശപത്രിക നല്‍കുന്നതിന് തൊട്ടുമുമ്ബാണ് സ്ഥാനാർത്ഥിയുടെ പിന്മാറ്റം. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അടക്കം സഹകരണം ലഭിക്കില്ലെന്ന ആശങ്കയാണ് പിന്മാറ്റ കാരണം എന്നാണ് പുറത്ത് വരുന്ന വിവരം. സ്ഥാനാർത്ഥിത്വത്തില്‍ സിപിഐയിലും എതിർപ്പുണ്ടെന്ന് ജോസ് പറയുന്നു.
ജോസിന്‍റെ വാട്സ്‌ആപ്പ് സന്ദേശം ഇങ്ങനെ:
പ്രിയ സുഹൃത്ത്ക്കളെ, ഊരൂട്ടനലം വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയാണ് ഞാൻ. തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൻ്റെ ദുരൂഹതകള്‍ എനിക്കറിയില്ലായിരുന്നു. അതറിഞ്ഞപ്പോള്‍ വേണ്ടിയിരുന്നില്ല എന്ന നിഗമനത്തിലേക്ക് എത്തിച്ചേരേണ്ടി വന്നു. പൊതു സമൂഹത്തിലുള്ള സ്വീകാര്യത രാഷ്ട്രീയത്തിലില്ല എന്നതും ഒരു വലിയ തിരിച്ചറിവായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർക്കും ഒറ്റയ്ക്ക് ഒരു യുദ്ധം വിജയിക്കാനാവില്ല. സ്ഥാനാർത്ഥിയായപ്പോള്‍ തന്നെ പാർട്ടിയില്‍ ഞാൻ ഒറ്റപ്പെട്ടു. എന്നെ സ്ഥാനാർത്ഥിയാക്കിയതില്‍ പല പാർട്ടിസഖാക്കള്‍ക്കും അതൃപ്തിയുണ്ടെന്ന് പിന്നീടാണ് മനസിലായത്. ഈ സീറ്റ് സി പി ഐ ഏറ്റെടുത്തതില്‍ സിപിഎം അംഗങ്ങള്‍ക്കും നല്ല അമർഷമുണ്ട്. ആകെ ആശ്വാസമായത് സ. സുധീർ ഖാൻ, സ. രജിത്, സ. രാജേന്ദ്രൻ, സ. ഷാജി ( ഊരൂട്ടമ്ബലം ബ്രാഞ്ച് സെക്രട്ടറി) എന്നിവരുടെ ഇടപെടലുകള്‍ മാത്രമാണ്. സിപിഎം, ഡി വൈ എഫ് ഐ എന്നിവയുടെ സഹകരണം ലഭിക്കില്ല എന്ന് ഏറെക്കുറെ വ്യക്തമായി.
എല്ലാവരും കൂട്ടായി കഠിനമായി പരിശ്രമിച്ചാല്‍ പോലും ജാതീയമായ ധ്രൂവീകരണമുണ്ടായാല്‍ വിജയം അസാധ്യമാകും. നാളെ നോമിനേഷൻ നല്‍കാനിരിക്കെ ഇന്ന് ഇത് പറയുന്നത് പാർട്ടിയോട് കാട്ടുന്ന ചതിയാണെന്നറിയാം. എങ്കിലും ഇനിയും വൈകിയിട്ടില്ല എന്നതു കൊണ്ടാണ് ഇപ്പോള്‍ തന്നെ അറിയിക്കുന്നത്. ഞാൻ മത്സരരംഗത്തുനിന്ന് പിൻമാറുന്നു. സ. രാജേന്ദ്രൻ, സ. സന്തോഷ്, സ. മധു, സ. ഷിബു തുടങ്ങി ധാരാളം നല്ല സഖാക്കള്‍ പാർട്ടിയിലുണ്ട്. ഇവരിലാർക്കെങ്കിലും അവസരം നല്‍കി പാർട്ടി സജീവമായി
രംഗത്തിറങ്ങണമെന്നഭ്യർത്ഥിക്കുന്നു. കേട്ടറിവുകളും ഈ ദിവസങ്ങളിലെ അനുഭവങ്ങളും എന്നെ വല്ലാത്ത സമ്മർദ്ദത്തിലാക്കുന്നു. ഇനിയും ഇങ്ങനെ മുന്നോട്ടു പോകാനാവില്ല എന്നത് സത്യമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം – അത് തികച്ചും വേറിട്ടതാണ്. എന്നെപ്പോലൊരാള്‍ക്ക് അത് ഉള്‍ക്കൊള്ളാൻ കഴിയില്ല. ആരോടും പരിഭവമില്ല. എല്ലാവരോടും സ്നേഹം മാത്രം. ഈ അവസരത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. മാപ്പ്.







