
ശബരിമല: ശബരിമലയിൽ അപകടകരമായ രീതിയിൽ ഭക്തജന തിരക്കെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.
ഭക്തർ പലരും ക്യൂ നിൽക്കാതെ ദർശനത്തിനായി ചാടി വരികയാണെന്നും ഇത്രയും വലിയ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പതുക്കെ ഇവരെയെല്ലാം പതിനെട്ടാം പടി കയറ്റാൻ ചാർജ് ഓഫിസറോട് പറഞ്ഞു.
സ്പോട്ട് ബുക്കിങ്ങിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സൂചന നൽകിയാണ് ജയകുമാർ വാർത്താസമ്മേളനം നടത്തിയത്. അതേസമയം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. പന്തളത്ത് എത്തി നെയ്യഭിഷേകം നടത്തിയാണ് ഇവർ മടങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പമ്പയിൽ വന്നു കഴിഞ്ഞാൽ ആളുകളെ അധികം സമയം നിർത്തുന്നത് ഒഴിവാക്കണം. ക്യൂ കോംപ്ലക്സുകളുടെ ഉദ്ദേശം നടപ്പായിട്ടില്ല. ഭക്തർ അവിടെ കയറുന്നില്ലെന്ന് പൊലീസ് പറയുന്നു. ഭക്തർക്ക് ബിസ്കറ്റ് മാത്രമല്ല, കൂടുതൽ കാര്യങ്ങൾ നൽകിയാൽ ആളുകൾ അവിടെ കയറി ഇരിക്കും. ഭക്തരെ നിർബന്ധമായും ക്യൂ കോംപ്ലക്സിൽ ഇരുത്തണം. അതിനായി അനൗൺസ്മെന്റ് വേണം. അല്ലാതെ അവർക്ക് അറിയില്ല. അവരുടെ അവസരം വരുമ്പോൾ കയറ്റണം. അങ്ങനെയെങ്കിൽ ആളുകൾ നിന്ന് ബോധംകെട്ട് വീഴുന്നത് ഒഴിവാക്കാം.
നിലയ്ക്കലിൽ ആളുകളെ കൂടുതൽ സമയം നിർത്തുന്നതിൽ തെറ്റില്ല. 7 അഡീഷണൽ ബൂത്തുകൾ സ്പോട്ട് ബുക്കിങ്ങിനായി ഇന്ന് നിലയ്ക്കലിൽ സ്ഥാപിക്കും. പമ്പയിലേക്ക് സ്പോട്ട് ബുക്കിങ് കുറയ്ക്കും. ജീവനക്കാരുടെ മെസ് തയ്യാറായിട്ടില്ല. അവർക്ക് അന്നദാന മണ്ഡപത്തിൽ അന്നദാനം കൊടുക്കും. 21ന് മാത്രമേ ജീവനക്കാർക്ക് മെസ് തയ്യാറാവുകയുള്ളൂ.
കുടിവെള്ളം കിട്ടുന്നില്ലെന്ന പ്രശ്നമുണ്ട്. അത് വിതരണം ചെയ്യാൻ 200 പേരെ അധികമായി എടുത്തു. ആളുകൾക്ക് ഇടയിലേക്ക് വെള്ളവുമായി പോകണം. 4 മണിക്കൂറായി നിൽക്കുന്നവന് വെള്ളം കൊടുക്കണം.
ശുചിമുറികൾ വൃത്തിയാക്കാൻ തമിഴ്നാട്ടിൽ നിന്ന് 200 പേരെ എത്തിക്കും. ഓൺലൈൻ ബുക്കിങ് ആദ്യദിവസം തന്നെ തീർന്നു. സ്പോട്ട് ബുക്കിങ് കൊടുക്കാതെ പറ്റില്ല. ബുക്കിങ് ഇല്ലെങ്കിൽ നിയന്ത്രണം വയ്ക്കാൻ പറ്റില്ല. നിയന്ത്രണം വയ്ക്കാൻ പറ്റുമോയെന്ന് നോക്കട്ടെ.
ഒരു മിനിറ്റിൽ 80–90 പേർ പതിനെട്ടാം പടി കയറിയില്ലെങ്കിൽ ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല. കേന്ദ്രസേന ഇന്ന് വരുമെന്നാണ് അറിവ്. പമ്പ മലിനമാണെന്ന് സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടുണ്ട്. എന്തുകൊണ്ട് ഇങ്ങനെ ആയെന്ന് മനസിലാകുന്നില്ല. വൃത്തിയാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.









