
കോട്ടയം: അറ്റകുറ്റപ്പണികള്‍ക്കായി വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് അടയ്ക്കുന്നു. ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന ഇടുക്കി ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വാഗമണ്‍ അഡ്വഞ്ചർ പാർക്കില്‍ പ്രവർത്തിച്ചു വരുന്ന ഗ്ലാസ് ബ്രിഡ്ജ് നാളെ മുതല്‍ (നവംബർ 19) അടച്ചിടും.
നവംബർ 30വരെയാണ് ഗ്ലാസ് ബ്രിഡ്ജ് അടച്ചിടുന്നത്.
അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂർത്തിയാക്കി തുറന്ന് നല്‍കുകയാണ് അധികൃതരുടെ ലക്ഷ്യം. ക്രിസ്മസ് – ന്യൂ ഇയർ അവധി ദിവസങ്ങളും ആഘോഷങ്ങളും എത്തുന്നതോടെ ഗ്ലാസ് ബ്രിഡ്ജിലെ കാഴ്ച ആസ്വദിക്കാനായി എത്തുന്നവരുടെ എണ്ണം വർധിക്കും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി സഞ്ചാരികള്‍ എത്തും. ഈ സാഹചര്യത്തില്‍ വേഗത്തില്‍ അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി തുറന്നുനല്‍കുകയാണ് ലക്ഷ്യം.
മോശം കാലാവസ്ഥയെത്തുടർന്ന് മുൻപ് ഏറെ നാള് ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിരുന്നു. എതിർപ്പ് ശക്തമായതോടെ ഒടുവില്‍ തുറന്ന് നല്‍കുകയായിരുന്നു. ദിവസവും ആയിരക്കണക്കിനാളുകള്‍ എത്തുന്ന വാഗമണ്ണിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് അഡ്വഞ്ചർ പാർക്ക്. ഗ്ലാസ് ബ്രിഡ്ജ് ഉള്‍പ്പെടെയുള്ള ആകർഷണങ്ങളാണ് ഇവിടുത്തെ പ്രത്യേകത. രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിലും പ്രശസ്തമാണ് വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമുദ്രനിരപ്പില്‍ നിന്ന് 3600 അടി ഉയരത്തിലാണ് വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്. 120 അടി നീളത്തില്‍ ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്ന് കോടി രൂപയാണ് നിര്‍മാണച്ചെലവ്. 35 ടണ്‍ സ്റ്റീലാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
ഒരേസമയം 15 പേര്‍ക്ക് കയറാവുന്ന ഗ്ലാസ് ബ്രിഡ്ജില്‍ കയറി നിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍ വരെ കാണാന്‍ സാധിക്കും. ആകാശ ഊഞ്ഞാല്, സ്കൈ സൈക്ലിങ്, സ്കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫോള്‍, ജയന്റ് സ്വിങ്, സിപ്ലൈന്‍ തുടങ്ങിയവയും വാഗമണ്‍ അഡ്വഞ്ചർ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയില്‍ ഗ്ലാസ് ബ്രിഡ്ജില്‍ പ്രവേശനം അനുവദിക്കില്ല. രാവിലെ 9 മുതല്‍ വൈകുന്നേരം 5:30 വരെ സഞ്ചാരികള്‍ക്ക് ചില്ല് പാലത്തില്‍ പ്രവേശിക്കാം. ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ് ചാർജ്. മുൻപ് ഒരാള്‍ക്ക് 500 രൂപയായിരുന്നു. പ്രദേശവാസികളില്‍ നിന്നും സഞ്ചാരികളില്‍ നിന്നും എതിർപ്പ് ഉയർന്നതോടെ ടിക്കറ്റ് നിരക്ക് 250 രൂപയാക്കി കുറയ്ക്കുകയായിരുന്നു







