സ്വന്തം ലേഖകൻ
കോട്ടയം: കണ്ടെയ്‌നർ ലോറി ഇടിച്ചു വീഴ്ത്തിയ കാൽനടയാത്രക്കാരനെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച് മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള സംഘം വീണ്ടും രക്ഷകരായി. എം.സി റോഡിൽ അടിച്ചിറയിൽ കണ്ടെയ്‌നർ ലോറിയിടിച്ച് പരിക്കേറ്റ ലയോലപ്പറമ്പ് സ്വദേശി സെയ്ദ് മുഹമ്മദിനെ (72)യാണ് മോട്ടോർ വാഹന വകുപ്പിന്റെ പെട്രോളിംങ് സംഘമായ സേഫ് കേരള ടീം രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്.
വെള്ളിയാഴ്ച അർധരാത്രിയ്ക്ക് ശേഷമായിരുന്നു സംഭവം. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സെയ്ദിനെ എറണാകുളം ഭാഗത്തു നിന്നും എത്തിയ കണ്ടെയ്‌നർ ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡിൽ മുഖമിടിച്ച് വീണ സെയ്ദിന്റെ തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റിരുന്നു. അപകടമുണ്ടാകുമ്പോൾ നീലിമംഗലം ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്നു മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘം. ഇതുവഴി കടന്നു പോയ കാർ യാത്രക്കാരാണ് അപകടമുണ്ടായ വിവരം മോട്ടോർ വാഹന വകുപ്പ് സംഘത്തെ അറിയിച്ചത്. ഉടൻ തന്നെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിന്റെ സേഫ് കേരള സംഘം അപകട സ്ഥലത്തേയ്ക്ക് കുതിച്ചു. എം.വി.ഐ സുനിൽ കുമാറിന്റെ സ്‌ക്വാഡിലെ എ.എം.വി.ഐ മാരായ ശ്രീജിത്ത്. ടി. ആർ, ജോർജ് വർഗ്ഗീസ്, അനീഷ്. ബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്. തുടർന്ന് ഇവർ ഉടൻ തന്നെ പരിക്കേറ്റയാളെ മോട്ടോർ വാഹന വകുപ്പിന്റെ തന്നെ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിവരം പൊലീസിലും അറിയിച്ചു. നാട്ടുകാരും, അപകടത്തിൽപ്പെട്ട കണ്ടെയ്‌നർ ലോറിയുടെ ജീവനക്കാരും സഹായവുമായി ഒപ്പം കൂടിയിരുന്നു. അപകടത്തിൽ പരിക്കേറ്റയാൾ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്.