
ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ നവംബർ 12 ബുധനാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ തുലാമാസ ആയില്യം മഹോത്സവം നാളെ. ആയില്യം പൂജയും എഴുന്നള്ളത്തും നാളെ നടക്കും. വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളില്‍ ചാർത്തുന്നത്.
രാവിലെ 9 മുതല്‍ ഇല്ലത്ത് നിലവറയ്ക്കു സമീപം വലിയമ്മ സാവിത്രി അന്തർജനം ഭക്തജനങ്ങള്‍ക്കു ദർശനം നല്‍കും. ഉച്ചപ്പൂജയ്ക്കു ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തില്‍ നിലവറയോടു ചേർന്നുള്ള തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്ബടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂർത്തിയാകുന്നതോടെ വലിയമ്മ തീർഥക്കുളത്തില്‍ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ക്കു ശേഷം ആയില്യം എഴുന്നള്ളത്ത് നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ വലിയമ്മയുടെ നേതൃത്വത്തില്‍ ആയില്യം പൂജ ആരംഭിക്കും. നൂറുംപാലും, ഗുരുതി, തട്ടിൻമേല്‍ നൂറുംപാലും ഉള്‍പ്പെടെയുള്ള ആയില്യം പൂജകള്‍ നടക്കും. ആയില്യംപൂജകള്‍ക്കു ശേഷം വലിയമ്മയുടെ അനുമതി വാങ്ങി കുടുംബ കാരണവർ നടത്തുന്ന തട്ടിന്മേല്‍ നൂറുംപാലും പ്രധാനമാണ്.
ഇതിനു ശേഷം വലിയമ്മ സാവിത്രി അന്തർജനത്തിന്റെ ആചാരപരമായ ക്ഷേത്ര ദർശനത്തോടെ ആയില്യം നാളിലെ ആഘോഷങ്ങള്‍ പൂർത്തിയാകും. ഇത് നാഗദൈവങ്ങള്‍ക്ക് പ്രാധാന്യമുള്ള വിശേഷപ്പെട്ട ഉത്സവമാണ്. ഈ ചടങ്ങ് ഭക്തർക്ക് നാഗദൈവങ്ങളുടെ അനുഗ്രഹം നേടാനും സർപ്പദോഷങ്ങള്‍ നീക്കാനും സഹായിക്കുന്നു എന്നാണ് വിശ്വാസം




