Spread the love

കോട്ടയം: തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ഒന്നാണു കോട്ടയം. തെരുവുനായ്‌ക്കളെ പൊതുസ്‌ഥലങ്ങളില്‍ നിന്നു നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ്‌ കോട്ടയത്ത്‌ അതിവേഗം നടപ്പാക്കണം.

video
play-sharp-fill

ജില്ലയില്‍ 16,000 തെരുവുനായ്‌ക്കളുണ്ടെന്നു ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്‌. മെഡിക്കല്‍ കോളജ്‌ വളപ്പില്‍ കഴിഞ്ഞ വര്‍ഷം 106 തെരുവുനായ്‌ക്കളെ പിടികൂടി വാക്‌സീനെടുത്തിരുന്നു. എന്നാല്‍, അടുത്തയിടെ മെഡിക്കല്‍ കോളജ്‌ അധികൃതരും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ 250 നായ്‌ക്കളെ കണ്ടെത്തി.

വീടുകളില്‍ വളര്‍ത്തുന്ന നായ്‌ക്കളെ മെഡിക്കല്‍ കോളജ്‌ പരിസരത്തു ഉപേക്ഷിക്കുന്നതാണ്‌ എണ്ണം കൂടിയതിനു കാരണം. സമീപകാലത്തു സ്‌കൂട്ടിയിലെത്തിയ മെഡിക്കല്‍ കോളജ്‌ വിദ്യാര്‍ഥിനിയെ തെരുവുനായ ഉരുട്ടിയിട്ടു പരുക്കേല്‍പ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരസഭ പരിധിയില്‍ മാത്രം 727 തെരുവുനായ്‌ക്കളുണ്ടെന്നാണു കണക്ക്‌. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, ആശുപത്രികള്‍, പൊതു കായിക സമുച്ചയങ്ങള്‍, ബസ്‌ സ്‌റ്റാന്‍ഡുകള്‍, ഡിപ്പോകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങി പൊതു സ്‌ഥലങ്ങളിലെല്ലാം തെരുവുനായ്‌ക്കള്‍ ഉണ്ട്‌.

സമീപകാലത്തു നിരവധി പേര്‍ക്കാണു തെരുവുനായ ആക്രമണം നേരിടേണ്ടി വന്നത്‌. ഇവയ്‌ക്കു പേ വിഷ ബാധയും സ്‌ഥിരീകരിച്ചിരുന്നു. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെയാണു തെരുവുനായ അക്രമം നേരിടേണ്ടി വരുന്നത്‌.

യാത്രക്കാരുടെ വിരല്‍ തെരുവുനായ കടിച്ചു മുറിച്ച സംഭവം രണ്ടു മാസം മുന്‍പാണ്‌ ഉണ്ടായത്. നഗരപരിധിയിലെ തെരുവു നായകളെ ഡോഗ്‌ ക്യാച്ചേഴ്‌സിന്റെ സഹായത്തോടെ പിടികൂടി വന്ധ്യംകരണം നടത്തുന്നുണ്ടെങ്കിലും ബൈക്കു യാത്രക്കാരുടെയും കാല്‍നടയാത്രികരുടെയും മേല്‍ കുരച്ചു ചാടിയെത്തുന്നതു നിത്യസംഭവമായി.

അടുത്തിടെ 3,785 തെരുവുനായ്‌കളെ വന്ധ്യംകരിച്ചു പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സീന്‍ നല്‍കിയെങ്കിലും ഇവയെ പ്രദേശത്തേക്കു തന്നെ തുറന്നുവിടുന്നതു പതിവാണ്‌. തെരുവുനായ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ പഞ്ചായത്തുകളില്‍ അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന തെരുവുനായ്‌ക്കളെ പാര്‍പ്പിക്കാന്‍ പ്രത്യേക കൂടുകള്‍ നിര്‍മിക്കാന്‍ കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.

സംസ്ഥാനത്തിന്. തന്നെ മാതൃകയാക്കാവുന്ന കോട്ടയം മോഡല്‍ നടപ്പിലാക്കാനുള്ള ആശയവും ഉദ്യോഗസ്‌ഥരില്‍ നിന്നു കലക്‌ടര്‍ തേടി. എന്നാല്‍, നടപടികള്‍ കര്യമായി ഉണ്ടായില്ല. ജില്ലയിലെ 23 പഞ്ചായത്തുകള്‍ തെരുവുനായ്‌ക്കളുടെ വാക്‌സിനേഷനു ഫണ്ടില്ലെന്ന കാരണത്താല്‍ വിട്ടു നില്‍ക്കുകയാണ്‌. ഇവിടെ കാവ എന്ന എന്‍.ജി.ഒയാണു വാക്‌സിനേഷന്‍ നല്‍കിയത്‌.

കാവ വഴി കോട്ടയം നഗരസഭ-727, ഏറ്റുമാനൂര്‍ നഗരസഭ-281, മാഞ്ഞൂര്‍-157, മുളക്കുളം-21, കുമരകം-202, അയ്‌മനം-131 പഞ്ചായത്തുകളിലും വന്ധ്യംകരണം നടത്തി തെരുവുനായ്‌ക്കള്‍ക്കു പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സീനും നല്‍കിയിരുന്നു.

സുപ്രീം കോടതി ഉത്തരവു പ്രകാരം തദ്ദേശ വകുപ്പ്‌ ഇടപെട്ടാണു തെരുവുനായ്‌ക്കളെ നീക്കം ചെയ്യേണ്ടത്‌. 2023ലെ ആനിമല്‍ ബര്‍ത്ത്‌ കണ്‍ട്രോള്‍ നിയമ പ്രകാരം നായ്‌ക്കള്‍ക്കു വാക്‌സിനേഷന്‍ നല്‍കുകയും അവയെ വന്ധ്യംകരിക്കുകയും ചെയ്യണം. ഇതിനു ശേഷം തെരുവുനായ്‌ക്കളെ അതേ സ്‌ഥലത്ത്‌ കൊണ്ടു പോയി ഇടരുതെന്നും ഇവയെ ഷെല്‍ട്ടറുകല്‍ലേക്കു മാറ്റണമെന്നുമാണ്‌ ഉത്തരവില്‍ പറയുന്നത്‌. ജസ്‌റ്റിസുമാരായ വിക്രംനാഥ്‌, സന്ദീപ്‌ മെഹ്‌ത്ത, എന്‍ വി അഞ്ചാരിയ എന്നിവരുടെ ബെഞ്ചാണ്‌ ഉത്തരവിട്ടത്‌. നിരവധി പേരാണു സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്‌തു രംഗത്തു വന്നത്‌.

തെരുവുനായ ശല്യം പരിഹരിക്കാന്‍ ജില്ലയ്‌ക്ക് എം.ജി. സര്‍വകലാശാലയുടെ മാതൃക സ്വീകരിക്കാവുന്നതാണ്‌. തെരുവുനായ ശല്യം രൂക്ഷമായപ്പോള്‍ എം.ജി സര്‍വകലാശാല 50 സെന്റ്‌ സ്‌ഥലത്തു വലിയൊരു ഷെല്‍റ്റര്‍ ഹോം നിര്‍മിച്ചു. നായ്‌ക്കള്‍ ചാടിപ്പോകാതിരിക്കാന്‍ 12 അടി ഉയരത്തിലാണു ഫെന്‍സിങ്‌ സ്‌ഥാപിച്ചത്‌. സര്‍വകലാശാല വളപ്പില്‍ 150 തെരുവുനായ്‌ക്കളുണ്ട്‌. ഇവിടെ മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശ പ്രകാരം പ്രശ്‌നക്കാരായ ആല്‍ഫ ഫീമെയ്‌ല്‍, മെയില്‍ എന്നിവയെ കൂട്ടിനുള്ളിലാക്കി. ഇവര്‍ക്കുള്ള ഭക്ഷണവും വെള്ളവും ഇവിടെ ക്രമീകരിച്ചു നല്‍കി. ഇതോടെ തെരുവുനായ ശല്യം കുറഞ്ഞു. പുറത്തു നിന്നുള്ളവര്‍ക്കു കൂട്ടിലേക്കു ഭക്ഷണമിട്ടു നല്‍കാനുള്ള സൗകര്യവുമുണ്ട്‌.