
കോട്ടയം: പാമ്പാടി ക്ഷീരവികസന യൂണിറ്റു പരിധിയിൽ വരുന്ന ക്ഷീരസംഘങ്ങളുടെ അതിരുകൾ ഡിജിറ്റലായി മാപ്പു ചെയ്യുന്ന ‘ക്ഷീരസീമ’ പദ്ധതിക്ക് തുടക്കം.
ക്ഷീര സംഘങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നതിനും സംഘങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാനും അതിരുകൾ ഡിജിറ്റൽ മാപ്പ് ചെയ്യുന്നതിലൂടെ സാധിക്കും.
പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ ക്ഷീരസംഗമത്തിൽ വച്ച് ക്ഷീരവികസന – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് നിർവഹിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും സഹായത്തോടെ ഈ വർഷം നടപ്പാക്കുന്ന പദ്ധതിയിലൂടെ പാമ്പാടി ക്ഷീരവികസന യൂണിറ്റു പരിധിയിൽ വരുന്ന 28 ക്ഷീരസംഘങ്ങളുടെയും അതിരുകൾ ഡിജിറ്റലായി മാപ്പു ചെയ്യുകയും അത് പൊതുവിടത്തിൽ ലഭ്യമാക്കുകയും ചെയ്യുമെന്ന് പാമ്പാടി ക്ഷീര വികസന ഓഫീസർ എം.വി. കണ്ണൻ പറഞ്ഞു. ക്ഷീരസംഘങ്ങളുടെ പ്രവർത്തന സുതാര്യതയ്ക്കും ക്ഷീരകർഷകരുടെ അവകാശം ഉറപ്പാക്കുന്നതിനും പദ്ധതിയിലൂടെ സാധിക്കും.
ക്ഷീരസംഘം പ്രതിനിധികളെ വിളിച്ചുകൂട്ടി പദ്ധതി വിശിദീകരണം നടത്തുകയും നിലവിലെ സ്ഥിതി അവലോകനം ചെയ്യുകയുമാണ് പദ്ധതിയുടെ ആദ്യപടി. നിലവിൽ ക്ഷീരസംഘങ്ങൾ പാൽ സംഭരിക്കുന്ന പ്രദേശങ്ങൾ സംഘം പ്രതിനിധികളുടെ സഹായത്തോടെ രേഖപ്പെടുത്തുകയും ബൈലോ പ്രകാരമുള്ള പ്രദേശങ്ങളും പാൽ സംഭരിക്കുന്ന പ്രദേശങ്ങളും താരതമ്യം ചെയ്ത് ഒരു സംഘത്തിന്റെയും പ്രവർത്തന മേഖലയല്ലാത്ത പ്രദേശങ്ങളെ രേഖപ്പെടുത്തുകയാണ് അടുത്തപടി. തുടർന്ന് സംഘം ഭരണസമിതിയുടെയും പൊതുയോഗത്തിന്റെയും അംഗീകാരത്തോടെ അതിരുകൾ സ്ഥിരീകരിക്കുകയും ക്ഷീര സഹകരണസംഘം രജിസ്ട്രാറുടെ അംഗീകാരത്തോടെ മാപ്പ് പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.
സംഘങ്ങളുടെ പ്രവർത്തനമില്ലാത്ത സ്ഥലങ്ങളെ ഏതെങ്കിലും സംഘത്തിന്റെ പരിധിയിൽ ചേർക്കുകയോ പുതിയ ക്ഷീരസംഘങ്ങൾ രൂപീകരിക്കുകയോ ചെയ്യുന്നതിലൂടെ ക്ഷീരകർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് ക്ഷീരവികസന ഓഫീസർ പറഞ്ഞു.



