
വൈക്കം : വൈക്കം നിയോജകമണ്ഡലങ്ങളിലെ 40 പേർക്ക് പട്ടയം വിതരണം ചെയ്യാൻ തീരുമാനമായി. 37 എൽഎ പട്ടയങ്ങളും മൂന്ന് എൽടി പട്ടയങ്ങളും ഉൾപ്പെടെ ആകെ 40 പട്ടയങ്ങളാണ് വിതരണം ചെയ്യുക.
തലയാഴം വില്ലേജിലെ രാജീവ് ദശലക്ഷം പാർപ്പിട പദ്ധതിയിലെ 15, വടക്കേമുറി വില്ലേജിലെ രാജീവ് ദശലക്ഷം പാർപ്പിട പദ്ധതിയിലെ 12, ടിവി പുരം വില്ലേജിലെ ചെമ്മനത്തുകര ഐഎച്ച്ഡിപി നഗറിലെ ഏഴ്, കല്ലറ, കുലശേഖരമംഗലം വില്ലേജുകളിൽ ഒന്നുവീതം എന്നിങ്ങനെ എൽഎ പട്ടയങ്ങളാണ് നൽകുന്നത്. വെച്ചൂർ, വെള്ളൂർ, നടുവിലെ വില്ലേജുകളിൽ ഓരോ എൽടി പട്ടയങ്ങളും വിതരണം ചെയ്യും.
ടിവി പുരം വില്ലേജിൽ ചെമ്മനത്തുകര ഐഎച്ച്ഡിപി നഗറിൽ ഐടിഡിപിയുടെ കൈവശമുണ്ടായിരുന്ന ഭൂമി റവന്യൂവകുപ്പിന് വിട്ടുനൽകിയതിനുശേഷം 35 പ്ലോട്ടുകളിൽ ഐടിഡിപിയിൽനിന്നും നേരിട്ട് ഭൂമി ലഭ്യമായ 24 ഗുണഭോക്താക്കൾക്ക് കഴിഞ്ഞ സെപ്റ്റംബർ 12-ന് പട്ടയം നൽകിയിരുന്നു. വസ്തു കൈമാറി ലഭിച്ച 11 ഗുണഭോക്താകളിൽ അർഹരായ ഏഴുപേർക്കാണ് ഇനി പട്ടയം നൽകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ചെമ്മനത്തുകര ഐഎച്ച്ഡിപി നഗറിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം ലഭിക്കുമെന്ന് സി.കെ. ആശ എംഎൽഎ അറിയിച്ചു.
നിയോജകമണ്ഡലത്തിലെ പട്ടയമേള നവംബർ രണ്ടിന് വൈക്കം സത്യാഗ്രഹ സ്മാരകഹാളിൽ നടക്കും. രാവിലെ 9.30-ന് ആരംഭിക്കുന്ന പട്ടയമേള മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിക്കും.
റവന്യൂ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ച മുഴുവൻ വ്യക്തികളും പട്ടയം സ്വീകരിക്കുന്നതിനായി രാവിലെ ഒൻപതിന് മുമ്പുതന്നെ വൈക്കം സത്യാഗ്രഹസ്മാരകഹാളിൽ എത്തണമെന്ന് തഹസിൽദാർ ബിപിൻ ഭാസ്കർ അറിയിച്ചു.



