
തിരുവനന്തപുരം: കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനില്‍ പണം വാങ്ങിയിട്ടും ഭക്ഷണം നല്‍കിയില്ലെന്ന് പരാതിയുമായി യാത്രക്കാർ.
ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് കയറിയ യാത്രക്കാരാണ് ഭക്ഷണം നല്‍കിയില്ലെന്ന് പരാതിപ്പെട്ടത്. ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ ഭക്ഷണത്തിനുള്ള പണവും ഈടാക്കിയിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.
ട്രെയിനില്‍ കയറിയ ശേഷം ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ എത്തിക്കാമെന്നായിരുന്നു ആദ്യം പറഞ്ഞത്. ഏറെ സമയം കഴിഞ്ഞും ഭക്ഷണം കിട്ടാതെ വന്നതോടെ തർക്കമായെന്നും യാത്രക്കാർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, കറന്റ് ബുക്കിംഗ് നടത്തുന്നവർക്ക് ‘റെഡി ടു ഈറ്റ് ‘ ഭക്ഷണമാണ് നല്‍കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വന്ദേഭാരതില്‍ ഭക്ഷണം തയ്യാറാക്കുന്നില്ല. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഭക്ഷണം പുറമേ നിന്ന് തയ്യാറാക്കി എത്തിക്കുകയാണ് ചെയ്യുന്നത്.
അവസാന നിമിഷം കറന്റ് ബുക്കിംഗ് ടിക്കറ്റ് എടുക്കുന്നവർക്ക് പെട്ടെന്ന് തയ്യാറാക്കി കഴിക്കാൻ കഴിയുന്ന ഭക്ഷണമാണ് നല്‍കുന്നതെന്നും അധികൃതർ പറഞ്ഞു. ഇന്നലെ കറന്റ് ബുക്കിംഗ് ടിക്കറ്റ് എടുത്തവർ മറ്റു യാത്രക്കാർക്ക് നല്കുന്ന ഭക്ഷണം തന്നെ വേണമെന്ന് പറഞ്ഞതാണ് തർക്കത്തിനിടയാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.



