
കെഎസ്ആര്‍ടിസിക്ക് കോടികൾ സമ്മാനിച്ച ബജറ്റ് ടൂറിസം പദ്ധതി അടിമുടി മാറ്റത്തിനൊരുങ്ങുന്നു.
കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളായിരുന്നു ഇതുവരെ ബജറ്റ് ടൂറിസത്തിന് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ ഈ പദ്ധതിക്ക് മാത്രമായി പ്രത്യേകം ബസുകള്‍ ഒരുങ്ങുകയാണ്.
ഇതിന്റെ ആദ്യ ചുവടുവയ്പ്പ് എന്നോണം ബജറ്റ് ടൂറിസത്തിനായി പ്രത്യേകം സജ്ജമാക്കിയ ബസ് പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. പ്രത്യേകം നിറങ്ങളും ചിത്രങ്ങളുമെല്ലാം പതിപ്പിച്ചാണ് ഈ ബസിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ കാഴ്ചയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസുകളോട് സാമ്യം തോന്നുന്ന നിറമാണ് ബജറ്റ് ടൂറിസം ബസുകളിലും നല്‍കിയിരിക്കുന്നത്. പച്ച നിറത്തിലുള്ള ബോഡിയില്‍ മഞ്ഞ നിറത്തിലുള്ള ലൈനുകളാണ് നല്‍കിയിരിക്കുന്നത്.
ബസിന്റെ മുന്‍ഭാഗത്ത് തന്നെ കെഎസ്ആര്‍ടിസി ബജറ്റ് ടൂര്‍സ് എന്ന് എഴുതിയിട്ടുണ്ട്. വശങ്ങളിലായി ഒരു ആനയുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്നത് കാണാം. ഈ ബസുകള്‍ ഉടന്‍ സര്‍വീസിനായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെഎസ്ആര്‍ടിസിയില്‍ വലിയ വരുമാനം കൊണ്ടുവരുന്ന പദ്ധതിയായിരുന്നിട്ടും ഇതിനായി ഉപയോഗിക്കുന്നത് പഴയ ബസുകളാണെന്നതായിരുന്നു ബജറ്റ് ടൂറിസത്തിനെതിരേ ഉയര്‍ന്ന വിമര്‍ശനം.
വിനോദ-തീര്‍ഥാടന യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ബസുകളുടെ പോരായ്മകളെപ്പറ്റി നേരത്തേതന്നെ പല ഡിപ്പോകളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് ഇപ്പോള്‍ ഈ സര്‍വീസുകള്‍ക്കായി മാത്രം പ്രത്യേകം ബസുകള്‍ ഇറക്കുന്നത്.
2021 നവംബര്‍ മുതല്‍ 2025 ഫെബ്രുവരിവരെ ബജറ്റ് ടൂറിസത്തിലൂടെ 64.98 കോടി രൂപയുടെ വരുമാനവും ലഭിച്ചു. തമിഴ്നാട്, കര്‍ണാടക, ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ സഹകരണത്തോടെ ഇതരസംസ്ഥാനങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കൂടുതല്‍ യാത്രകള്‍ ആരംഭിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.
റെയില്‍വേയുടെ സഹകരണത്തോടെ ഓള് ഇന്ത്യാ ടൂര്‍ പാക്കേജും ആരംഭിക്കുന്നുണ്ടെന്നാണ് വിവരം.



