
ന്യൂഡൽഹി: കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് ഇന്നലെ നടത്തിയ യോഗത്തിൽ കോൺഗ്രസിൽ സുപ്രധാന തീരുമാനങ്ങളെടുക്കാൻ കോർ കമ്മിറ്റി രൂപീകരിക്കുമെന്ന് അറിയിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കെ നിൽക്കെയാണ് തീരുമാനം. കെപിസിസിയിൽ ജംബോ കമ്മിറ്റി നിലവിൽവന്ന പിന്നാലെയാണ് കോർ കമ്മിറ്റി രൂപീകരണം. ഹൈക്കമാൻഡിൻ്റെ അടിയന്തിര യോഗത്തിൽ ക്ഷണം കിട്ടിയവരെല്ലാം കോർ കമ്മിറ്റിയുടെ ഭാഗമാവും.
കേരളത്തിൽനിന്നുള്ള എഐസിസി ജനറൽ സെക്രട്ടറിമാർ, പ്രവർത്തകസമിതി അംഗങ്ങൾ കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷനേതാവ്, യുഡിഎഫ് കൺവീനർ, പിസിസി വർക്കിങ് പ്രസിഡന്റുമാർ, കെപിസിസി മുൻ അധ്യക്ഷർ എന്നിവരാണ് കോർ കമ്മിറ്റിയിൽ അംഗങ്ങളാവുക തിരഞ്ഞെടുപ്പുഘട്ടത്തിൽ തീരുമാനമെടുക്കാൻ കെപിസിസിയോ രാഷ്ട്രീയകാര്യസമിതിയോ വിളിക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് കോർ കമ്മിറ്റിയെ ഏകോപനച്ചുമതല ഏൽപിക്കുന്നത്.
പ്രസിഡന്റിനും 3 വർക്കിങ് പ്രസിഡന്റുമാർക്കും പുറമേ, ഈയിടെ നടത്തിയ പുനഃസംഘടനയിൽ 13 വൈസ് പ്രസിഡന്റുമാരെയും 59 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം 39 ആയി കൂട്ടുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതിയുടെയും യോഗം മുറ പോലെ നടക്കുമെങ്കിലും അവയ്ക്കു മുകളിൽ അനൗദ്യോഗിക സമിതിയായി ഇതു പ്രവർത്തിക്കും. താൽക്കാലിക സ്വഭാവമാണു സമിതിക്കെങ്കിലും തിരഞ്ഞെടുപ്പു ഘട്ടത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ഉൾപ്പെടെ വലിയ പ്രാധാന്യം കൽപിക്കപ്പെടുന്നു.



