
തിരുവനന്തപുരം :
സംസ്ഥാനത്ത് സ്വണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മോഷണങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഈ സാഹചര്യത്തിൽ മോഷണ ശ്രമങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പൊതുജനങ്ങൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ പോലീസ് പുറത്തിറക്കി.
പോലീസ് നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ:

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് പട്രോളിംഗുമായി സഹകരിക്കുക: പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി ബീറ്റ് പോലീസുമായി എല്ലാവരും സഹകരിക്കണം.
അയൽപക്ക ബന്ധം: അയൽപക്കക്കാരുമായി നല്ല ബന്ധം സ്ഥാപിക്കുകയും അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കുന്നതിനായി അവരുടെ ഫോൺ നമ്പരുകൾ കൈവശം സൂക്ഷിക്കുകയും ചെയ്യുക.
പ്രകാശ സംവിധാനം: രാത്രിസമയങ്ങളിൽ വീടിന് ചുറ്റും മതിയായ പ്രകാശം ലഭിക്കുന്ന രീതിയിൽ ലൈറ്റുകൾ സ്ഥാപിക്കുക.
രാത്രി ശബ്ദങ്ങൾ: രാത്രിയിൽ പുറത്ത് അസാധാരണമായ ശബ്ദം കേട്ടാൽ കതക് തുറക്കാതെ അയൽക്കാരെ വിവരമറിയിക്കുക.
അപരിചിതർ: പരിസരങ്ങളിൽ അപരിചിതരെ കണ്ടാൽ അവരുടെ ഫോട്ടോ എടുക്കുകയും ഉടൻ 112-ൽ വിളിച്ച് അറിയിക്കുകയും ചെയ്യുക.
ജാഗ്രതാ സമയം: രാത്രി 11 മണി മുതൽ രാവിലെ 4 മണി വരെ സ്വയം നിരീക്ഷണത്തിൽ ഏർപ്പെടുക; ഗ്രൂപ്പു നിരീക്ഷണം ശക്തമാക്കുക.
സിസിടിവി ക്യാമറകൾ: കഴിയുന്നവർ വീടുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും അവ മൊബൈലുമായി ബന്ധിപ്പിച്ച് അലാറം സംവിധാനം ഘടിപ്പിക്കുകയും ചെയ്യുക.
സുരക്ഷിത യാത്ര: വീട് പൂട്ടി പുറത്തുപോകുന്നവർ അയൽക്കാരെയും അതത് പോലീസ് സ്റ്റേഷനിലും വിവരമറിയിക്കുക. ടൂർ പോകുന്നവർ പോലീസ് സ്റ്റേഷനിലെ മൊബൈൽ ആപ്പിൽ യാത്രാ വിവരങ്ങൾ രേഖപ്പെടുത്തുകയും യാത്രയുടെ ലൊക്കേഷൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുക.
വിലപിടിപ്പുള്ള വസ്തുക്കൾ: വിലപിടിപ്പുള്ള സ്വർണ്ണം പോലുള്ള സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.
പിരിവിനും മറ്റും വരുന്നവർ: പിരിവിനോ മറ്റു സഹായങ്ങൾക്കോ വീട്ടിൽ വന്നാൽ കതക് തുറക്കാതിരിക്കുക; കഴിയുമെങ്കിൽ ഗേറ്റ് പൂട്ടിയിടുക.
ആരാധനാലയങ്ങൾക്കുള്ള നിർദ്ദേശം: അമ്പല കമ്മറ്റികളും പള്ളിക്കമ്മറ്റികളും നിർബന്ധമായും സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. സ്വർണ്ണം, പണം എന്നിവ ആരാധനാലയങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം.
അടിയന്തര സഹായം: ഏത് സമയത്തും പ്രവർത്തന സജ്ജമായ പോലീസ് നമ്പർ 112 ആണ്.
പൊതുജനങ്ങളുടെ ഒത്തൊരുമിച്ചുള്ള ശ്രദ്ധയും സഹകരണവും വഴി ഇത്തരം മോഷണങ്ങളെ തടയാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു.



