
വധശിക്ഷ കാത്തിരിക്കുന്ന പ്രതികള്‍ക്ക് തൂക്കുകയറിന് പകരം മാരക വിഷം നല്‍കണമെന്ന നിർദ്ദേശത്തെ എതിർക്കുന്ന കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി. പൊതുവെ നടത്തിവരുന്ന വധശിക്ഷ നടപ്പാക്കുന്ന രീതിക്ക് പകരം വിഷം കുത്തിവയ്ക്കുന്ന രീതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
‘കുറഞ്ഞപക്ഷം ശിക്ഷിക്കപ്പെട്ട തടവുകാരന് തൂക്കിലേറ്റണോ വിഷം കുത്തിവയ്ക്കണോ എന്ന ഓപ്ഷൻ നല്‍കുക. ക്രൂരമായ തൂക്കിലേറ്റലിന് വിപരീതമാണ് വിഷം കുത്തിവയ്ക്കുന്നത്. ഈ രീതി മനുഷ്യത്വപരവും മാന്യവുമാണ് ഹർജിക്കാരന് വേണ്ട് ഹാജരായ ഋഷി മല്‍ഹോത്ര പറഞ്ഞു. സൈന്യത്തില്‍ അത്തരത്തില്‍ ഒരു ഓപ്ഷൻ നല്‍കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തില്‍ ഒരു ഓപ്ഷൻ സാധ്യമല്ലെന്നാണ് എതിർ സത്യവാങ്മൂലത്തിലൂടെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.
സർക്കാർ നിലപാട് പരിശോധിച്ച കോടതി ഒരു നിശ്ചിതകാലയളവില്‍ നടക്കുന്ന മാറ്റങ്ങളുമായി പരിണമിക്കാൻ സർക്കാർ തയ്യാറല്ല എന്ന് നിരീക്ഷിച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ചാണ് നിരീക്ഷണം വാക്കാല്‍ പറഞ്ഞത്.വധശിക്ഷ നടപ്പാക്കുന്നതിന് നിലവിലുള്ള മാർഗം ഏറെ നേരത്തെ വേദനയും കഷ്ടപ്പാടും നല്‍കുന്നതാണെന്ന് ഹർജിക്കാരൻ വാദിച്ചു. വിഷം കുത്തിവയ്ക്കല്‍, ഫയറിംഗ് സ്ക്വാഡ്, വൈദ്യുതാഘാതം, ഗ്യാസ് ചേംബർ എന്നീ മാർഗങ്ങള്‍ ഉപയോഗിച്ച് ഇത് മാറ്റിസ്ഥാപിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഇത്തരം മാർഗങ്ങളിലൂടെ ഒരു മിനിറ്റിനുള്ളില്‍ മരണം സംഭവിക്കുമെന്നും 40 മിനിറ്റോളം സമയമെടുക്കുന്ന തൂക്കികൊല്ലലിനെക്കാള് ഭേദമാണ് ഈ മാർഗങ്ങലെന്നും വാദം നടന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 49 എണ്ണവും വിഷം കുത്തിവയ്ക്കുന്ന മാർഗം സ്വീകരിച്ചിട്ടുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.
ക്രിമിനല്‍ കോഡ് സെക്ഷൻ 354(5), വിവേചനപരവും ഭരണഘടനയിലെ ആർട്ടിക്കിള്‍ 21 ന്റെ ലംഘനവുമാണെന്ന് പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നല്‍കണമെന്ന് ഹർജിയില്‍ ആവശ്യപ്പെട്ടു. മാന്യമായ മാർഗത്തിലൂടെ മരിക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ഹർജിയില്‍ പറയുന്നു. ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടുള്ള പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണ് വധശിക്ഷയെന്ന് ഹർജിയില്‍ വിമർശിച്ചു. സാധ്യമായതില്‍ ഏറ്റവും കുറഞ്ഞ കഷ്ടപ്പാട് നല്കുന്ന വിധത്തില്‍ വധശിക്ഷ നടപ്പാക്കണമെന്നും ഹർജിയില്‍ പറയുന്നു.
എന്നാല്‍, തടവുകാർക്ക് ഓപ്ഷൻ നല്‍കുകയെന്നത് നയപരമായ തീരുമാനമാണെന്ന് എതിർ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കി സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷക സോണിയ മാത്തൂർ വാദിച്ചു. തുടർന്ന് കേസ് നവംബർ 11 ലേക്ക് മാറ്റി.



