പട്ടേൽ പ്രതിമയ്ക്ക് ചോർച്ച ; 3000 കോടി വെള്ളത്തിലായി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: 3000 കോടിയോളം രൂപ മുടക്കി നിർമിച്ച സർദാർ വല്ലഭായി പട്ടേലിന്റെ പടുകൂറ്റൻ പ്രതിമ ചോരുന്നതായി പരാതി. ‘സ്റ്റാച്യു ഒഫ് യൂണിറ്റി’ എന്ന് പേരിട്ട പ്രതിമയുടെ ഒബ്സർവേഷൻ ഗാലറിക്കുള്ളിലാണ് ചോർച്ച ഉണ്ടായത്. ഇവിടം സന്ദർശിച്ചവർ പുറത്ത് വിട്ട ചോർച്ചയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഒബ്സർവേഷൻ ഗാലറിയിലെ തറയിൽ വെള്ളം തളംകെട്ടി കിടക്കുന്നതും മേൽക്കൂരയിൽ നിന്നും വെള്ളം താഴേക്ക് ഒലിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. സംഭവം ‘നിർഭാഗ്യകരമെന്നാണ് പ്രതിമ സന്ദർശിച്ചവർ പ്രതികരിച്ചിരിക്കുന്നത്.
‘ലോകത്തിലെ ഏറ്റവും വലിയ പ്രതിമ കാണാൻ ഏറെ പ്രതീക്ഷയോടെയാണ് ഞങ്ങൾ വന്നത്. പക്ഷെ മഴയത്ത് ഈ പ്രതിമയുടെ നില കാണുമ്പോൾ സങ്കടമുണ്ട്. അത്രയും വലിയ മഴയൊന്നും പെയ്തിട്ടില്ല. അപ്പോൾ തന്നെ പ്രധാന ഹാളിലും കാഴ്ചയ്ക്കുള്ള ഹാളിലും വെള്ളം കയറി. നിർഭാഗ്യകരമാണിത്.’ പ്രതിമ സന്ദർശിച്ച ഒരാൾ പറഞ്ഞു.എന്നാൽ, കാറ്റിന്റെ ശക്തി കാരണമായാണ് വെള്ളം അകത്തേയ്ക്ക് അടിച്ച് കയറിയതെന്നും, സന്ദർശകർക്ക് വീക്ഷിക്കാനായി ഒബ്സർവേഷൻ ഗാലറി തുറന്ന് വച്ചിരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ‘സ്റ്റാച്യു ഒഫ് യൂണിറ്റി’യുടെ നടത്തിപ്പുകാർ ട്വിറ്ററിലൂടെ അറിയിച്ചു. തങ്ങളുടെ മെയിന്റനൻസ് ടീം പ്രതിമയിൽ അറ്റകുറ്റ പണികൾ നടത്തികൊണ്ടിരിക്കുകയാണെന്നും ഇവർ അറിയിച്ചിട്ടുണ്ട്.പ്രതിമയുടെ നെഞ്ചിന്റെ ഭാഗം തുറന്നിരിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പിറകിൽ ഗ്ലാസ് ആണ്. മുൻഭാഗം തുറന്നിരിക്കുന്നത് കൊണ്ടുതന്നെ മഴ പെയ്യുമ്പോൾ വെള്ളം അകത്തേയ്ക്ക് അടിച്ച് കയറും. അത് സ്വാഭാവികം മാത്രമാണ്. ഇങ്ങനെ അടിച്ച് കയറുന്ന വെള്ളം ഒഴുക്കിക്കളയാൻ പൈപ്പുകൾ ഉണ്ട്. പക്ഷെ ഒരു നിശ്ചിത പരിധിയിൽ കൂടുതൽ വെള്ളം വരുമ്പോൾ അത് ഒഴുകിക്കളയാൻ ആകില്ല. ആളുകൾ പറയുന്നത് പോലെ അത് ചോർച്ചയല്ല.’ പ്രതിമയുടെ നടത്തിപ്പുകാർ പറഞ്ഞു.2018 ഒക്ടോബറിലാണ് 3000 കോടി രൂപ ചിലവിൽ ഗുജറാത്തിലെ നർമദ ജില്ലയിൽ പട്ടേൽ പ്രതിമ അനാവരണം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ രാജ്യത്തിന് സമർപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ.
https://twitter.com/i/status/1144947363401928704
Whatsapp Group 1 | Whatsapp Group 2 |Telegram Group