സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക

അടിമാലി : സൈന്യത്തിൽ ചേർക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവാക്കളിൽനിന്നു പണം തട്ടിയെടുത്ത കർണാടക്കാരൻ പിടിയിൽ. മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ചമഞ്ഞു തട്ടിപ്പ് നടത്തിയ ചിക്മംഗ്ലൂർ സിങ്കേരി ഗൗരീകൃഷ്ണയിൽ നാഗനാഥ ശാസ്ത്രിയുടെ മകൻ ജയരാമൻ (37) ആണു പിടിയിലായത്.കർണ്ണാടക സ്വദേശിയായ ജയരാമൻ കഴിഞ്ഞ 14 മുതൽ അടിമാലിയിലെ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് താമസിച്ചു വരികയാണ്. മിലിട്ടറി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ രണ്ടാഴ്ചയായി താമസിച്ചു വരികയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച ഇവിടെ പരിശോധന നടത്തി.താൻ സൈനിക ഉദ്യോഗസ്ഥനാണെന്നു പോലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ കാണിച്ചു. മേലുദ്യോഗസ്ഥനായ ബ്രിഗേഡിയറുടെ നമ്പരും നൽകി. സംശയം തോന്നിയതോടെ പോലീസ് ഇയാളോട് ഓഫീസ് വിലാസം ആവശ്യപ്പെട്ടു. ഡൽഹിയിലെ വിലാസവും ജയരാമൻ നൽകി. ഓഫീസിലെ ലാൻഡ് ഫോൺ നമ്പർ ആവശ്യപ്പെട്ടതോടെ പരുങ്ങലിലായി. മുറിയിൽ പോലീസ് വിശദമായ പരിശോധന നടത്തിയതോടെയാണു തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്. അതിനിടെ സീനിയർ ഉദ്യോഗസ്ഥന്റേത് എന്നു പറഞ്ഞ് നൽകിയ ഫോൺ നമ്പർ ഇയാളുടേതാണെന്നും പോലീസ് കണ്ടെത്തി.കിടക്കയുടെ അടിയിൽനിന്നു നിരവധി യുവാക്കളുടെ ആധാർ കാർഡിന്റെ കോപ്പികൾ അടക്കം കണ്ടെടുത്തു. സൈന്യത്തിൽ ജോലി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും ആദ്യ ഗഡുവായി 1500 രൂപ വീതം ഇയാൾ വാങ്ങി. അടുത്തയാഴ്ച പട്ടാളത്തിൽനിന്ന് ആറംഗ സംഘം ഇവിടെയെത്തി റിക്രൂട്ട്മെന്റിനുള്ള നടപടികൾ ചെയ്യുമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. ജയരാമൻ താമസിച്ചിരുന്ന ഫോർച്ച്യൂൺ ടൂറിസ്റ്റ് ഹോമിലെയും ബേക്കറിയിലെയും മൂന്നു ജീവനക്കാരോടും പണം വാങ്ങി.തട്ടിപ്പിനിരയായവരിൽ ദേവിയാർകോളനി 20 സെന്റ് സ്വദേശി വെള്ളരിങ്ങൽ ബേസിൽ തോമസിൽനിന്നു പോലീസ് മൊഴിയെടുത്തു. അടിമാലി കാംകോ ജംങ്ഷനിലള്ള ലോഡ്ജിൽനിന്ന് ഇയാളെ സി.ഐ: പി.കെ സാബു, അഡീഷണൽ എസ്.ഐ: എം.പി ജോണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്