അജ്ഞാത വാഹനമിടിച്ച് ഭാര്യമരിച്ചു; ആരുടെയും സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടി കൊണ്ടുപോയി യുവാവ്;വീഡിയോ വൈറൽ

Spread the love

നാഗ്പുര്‍: അജ്ഞാത വാഹനമിടിച്ച് മരിക്കുകയും സഹായത്തിന് ആരും എത്താതിരിക്കുകയും ചെയ്തതോടെ യുവാവ് മൃതദേഹം ബൈക്കില്‍ കെട്ടിവെച്ചുകൊണ്ടുപോയി. നാഗ്പുര്‍-മധ്യപ്രദേശ് ഹൈവേയില്‍ ദിയോലാപറിന് സമീപമാണ് അപകടം നടന്നത്. മൃതദേഹവുമായി ഒരാള്‍ ബൈക്കോടിക്കുന്നതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.

video
play-sharp-fill

ഹൈവേയിലെ വനമേഖലയില്‍ അപകടം നടന്നതായി നാഗ്പുര്‍ റൂറലിലെ ദിയോലാപര്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസെത്തിയപ്പോള്‍ സംഭവ സ്ഥലത്ത് വാഹനമോ ആളുകളെയോ കണ്ടെത്താനായില്ലെന്നാണ് പറയുന്നത്. മൃതദേഹം കെട്ടിവെച്ച് ഒരാള്‍ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നതിന്റെ വീഡിയോ പിന്നീട് പുറത്തുവന്നു. ഇതിനിടെ ഒരു ടോള്‍പ്ലാസയ്ക്ക് സമീപം പോലീസ് ബൈക്ക് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്തിയില്ല.

പിന്നീട് നാഗ്പുര്‍ സിറ്റി, റൂറല്‍, ഹൈവേ പോലീസ് എന്നിവരുടെ സംയുക്തമായ പ്രവര്‍ത്തനത്തിലൂടെ ഒടുവില്‍ ഇയാളെ വീട്ടില്‍വെച്ച് കണ്ടെത്തി. നാഗ്പൂരിനടുത്തുള്ള ലോനാര സ്വദേശി അമിത് ബുംറ യാദവ് (36) ആണ് ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് കൊണ്ടുപോയതെന്ന് കണ്ടെത്തി. ഭാര്യ ഗ്യാര്‍ഷി യാദവിനൊപ്പം മധ്യപ്രദേശിലെ ലഖ്‌നദോണിലുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ അപകടത്തില്‍പ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് 2:30-നും മൂന്ന് മണിക്കും ഇടയില്‍ ദിയോലാപറിന് സമീപം വെച്ച് അജ്ഞാത വാഹനം ഇവരുടെ മോട്ടോര്‍സൈക്കിളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗ്യാര്‍ഷി തല്‍ക്ഷണം മരിക്കുകയും അമിത് യാദവിന് പരിക്കേല്‍ക്കുകയും ചെയ്തു.

ഇവരെ ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയും ചെയ്തു. കനത്ത മഴയില്‍ ആരും ഇവര്‍ക്ക് സഹായത്തിന് എത്തുകയും ചെയ്തില്ല. സഹായത്തിനായി അമിത് നിരവധി വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ലെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്നാണ് ഇയാള്‍ ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടി വീട്ടിലേക്ക് കൊണ്ടുപോയതെന്നും പോലീസ് അറിയിച്ചു. പിന്നീട് ഇവരെ കണ്ടെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.